Monday, September 17, 2012

സാറേ ഇവരെന്നെ കുത്തിവക്കാൻ നോക്ക്വാ..
ഏതാണ്ട് ഇരുപത് അതോ.. ഇരുപത്തിഅഞ്ചോ.ങാ.. എത്രയെങ്കിലുമാകട്ടെ    അത്രയും കൊല്ലം മുംപ് നടന്നസംഭവമാണ്..
രാത്രി പത്തുമണി ആയിക്കാണും . പടിക്കൽ ഒരു കാർ വന്നു നിൽക്കുന്നുഅക്കാലത്ത് രാത്രി പടിക്കൽ കാറ് വന്നു നിന്നാൽ ഒരു കാര്യമേ ഉള്ളൂ
വേണ്ടപ്പെട്ടവരുടെ  മരണം..
ഓടിപ്പോയി വാതിൽ തുറന്നു..പുറത്ത് സ്ക്കൂളിലെ പിറ്റിഎ പ്രസിഡൻറും ഒന്നാം ക്ലാസിലെ ജിൻസിയുടെ പപ്പയും……
ദൈവമേ !!! കൊച്ചിന് എന്തെങ്കിലും പറ്റിയോ
.എന്നാലും രാത്രിയിൽ ഇവർ എന്നെ തേടി വരേണ്ടകാര്യമില്ലല്ലോ……
ജിൻസിക്ക് പനി ആണെന്ന് ഞാൻ മനസിലാക്കിയിരുന്നു രാവിലെ അവളെ ക്ലാസിൽ കാണാഞ്ഞ് ഞാൻ വീട്ടിലേക്ക് വിളിച്ചതാണ്……
സാറേ സാറ് എന്നെ ഒന്ന് സഹായിക്കണം
മുഖവുരഒന്നും ഇല്ലാതെ ജിൻസിയുടെ പപ്പ പറഞ്ഞു
ഞാൻ പറഞ്ഞു
എന്തായാലും അകത്തേക്ക് കയറി ഇരിക്കാം എന്നിട്ട് പറയാം
സാറേ അതിനൊന്നും സമയമില്ല.സാറ് വേഗം വരണം
എനിക്ക് കാര്യത്തെപ്പറ്റി ഏകദേശധാരണ കിട്ടി
.ജിൻസിയുടെ പപ്പ വലിയ ധനികനും നാട്ടിലെ ജന്മിയുമാണ്.ചെറിയ തരികിട പരിപാടിയൊക്കെ കൈയ്യിലുണ്ട് -പൊടി ഗുണ്ടായിസം- കക്ഷി എന്തോ കേസിൽ പെട്ടിരിക്കുന്നുഎൻറെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് അക്കാര്യത്തിൽ ഇടപെടുത്താനായിരിക്കണം ഈ രാത്രി ഇത്രയും ദൂരം വന്നത് ..സ്ക്കൂളും വീടുമായി ഏതാണ്ട് ഇരുപത്തഞ്ച് കിലോ മീറ്റർ ദൂരമുണ്ട്..ഞാനാലോചിച്ചു ..പ്രശ്നമാണ്.രാത്രി എൻറെ നാട്ടിലെ എസ് ഐ യെ വിളിക്കണം അല്ലെങ്കിൽ പോയികാണണംഅയാളെക്കൊണ്ട് കോതമംഗലം എസ് ഐ യെ വിളിപ്പിക്കണം..രാത്രി കോതമംഗലം പോകണം ഈ ജേക്കബ് എന്ത് കെണിയാണ് ഒപ്പിച്ചിരിക്കുന്നത് എന്ന് പറയാൻ പറ്റില്ലമിക്കവാറും തല്ല് കേസായിരിക്കും..ആകെ പ്രശ്നമാണ്..
ഞാൻ പറഞ്ഞു
എൻറെ ജേക്കബേ..ഈ രാത്രി ഒന്നും നടക്കില്ല താൻ രാവിലെ വാ
ഇതുകേട്ട് ജേക്കബ് പറഞ്ഞു
സാറെ അതുപോരാ..സാറ് രാത്രി ഇപ്പോതന്നെ വന്നം..(വരണം)
അപ്പോഴാണ് ശശി സംസാരിച്ച് തുടങ്ങിയത്.
സാറേ ജിൻസി ആശുപത്രിയിലാണ് കുത്തിവപ്പ് എടുക്കണംആര് പറഞ്ഞിട്ടും അവള് സമ്മതിക്കുന്നില്ല.ഷേർലി പറഞ്ഞു ചെലപ്പോ സാറ് പറഞ്ഞാ അവള് സമ്മതിക്കൂന്ന്    അതാ ഞങ്ങള്……..
ദൈ വമേ……ഇതാണോ കാര്യം..വെറുതേ ടെൻഷൻ പിടിപ്പിച്ചല്ലോ എൻറെ ജേക്കബേ.
സാറേ സാറ് വേഗം വരണം എൻറെ കൊച്ചിൻറെ കാര്യാ
ഇക്കാര്യത്തിൽ ഓപ് ഷൻ ഇല്ലല്ലോ.ഞാൻ വേഗം വീട്ടിനകത്തുകയറി ഭാര്യയോട് കാര്യം ചുരുക്കത്തിൽ കാര്യം പറഞ്ഞ് ഡ്രസ് മാറി കാറിൽ കയറി..
യാത്രക്കിടയിൽ ജേക്കബ് കാര്യം പറഞ്ഞു
അവൾക്ക് കടുത്ത പനി.. ഡോക്റ്റർ ഇൻജക്ഷൻ കൊടുക്കണം എന്ന് പറഞ്ഞു ..അവൾക്ക് കുത്തിവയ്പ്പ് പണ്ടേ പേടിയാ കൊച്ച് കുത്തിവയ്പ്പ് എടുക്കാൻ സമ്മതിക്കുന്നില്ല..
ശശി ബാക്കി പറഞ്ഞു
വല്യപ്പനോം വല്യാമ്മേയം  ഒക്കെ കൊണ്ടുവന്നു നേക്കി കൊച്ച് സമ്മതിക്കുന്നില്ല
ജേക്കബ് പറഞ്ഞു
സാറേ ഞാൻ അവളെ കൂട്ടിപ്പിടിച്ച് കുത്തിവയ്പ്പ് എടുപ്പിക്കാൻ നോക്കി ബലം പിടിക്കുംപോൾ മോള് കരയും ഉറക്കെകരയുംപോ ശ്വാസം മുട്ടല് വരും അത് പ്രശ്നാണ് .സാറ് അവളെ പറഞ്ഞ് മനസിലാക്കണം
നടന്നത് തന്നെ-   ഒന്നാം ക്ലാസിലെ കൊച്ചിനെ പറഞ്ഞ് മനസിലാക്കണമെന്ന്-
ഞാൻ പറഞ്ഞു
എൻറെ ജേക്കബേഞാൻ പറഞ്ഞാലൊന്നും അവള് കേക്കില്ല.നിങ്ങളെല്ലാരും പറഞ്ഞിട്ട് നടക്കാത്തകാര്യം ഞാൻ പറഞ്ഞാൽ  എങ്ങിനെ നടക്കാനാ
ശശി പറഞ്ഞു
സാറേ കൊച്ചിന് ഇൻജക് ഷൻ എടുക്കാണ്ട് പറ്റ്വോ
ഹേയ് ..ഇൻജക് ഷൻ എടുക്കണം
വണ്ടി ഓടിക്കൊണ്ടിരുന്നു
ഞാൻ ജിൻസിയെ ഓർക്കുകയായിരുന്നു.
സുന്ദരിക്കുട്ടി കുസൃതി ക്കുടുക്ക എന്നൊക്കെ അവളെപ്പറ്റി പറയാം
സാറിന് പെൺമക്കളില്ലാത്തതുകൊണ്ട് പെൺപിള്ളേരോട് കൊറച്ച് ഇഷ്ടം കൂടുതലുണ്ടെന്ന് ആൺകുട്ടികളുടെ അമ്മമാർ പരാതി പോലെ പറയുന്ന കാലം
ജിൻസി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടകുട്ടിയാണോ എന്ന് എനിക്കറിയില്ല..പക്ഷേ അവൾ എന്നോട് പ്രത്യേക സ്വാതന്ത്ര്യം എടുത്തിരുന്നു
അവളുടെ ആ സ്വാതന്ത്ര്യം മറ്റുള്ളകുട്ടികളും അംഗീകരിച്ചിരുന്നു എന്ന് തോന്നുന്നു..
സ്വാതന്ത്ര്യം എന്നു വച്ചാൽ മടിയിൽ കയറി ഇരിക്കുക പേഴ്സ് എടുക്കുക സ്വകാര്യം പറയുക(വീട്ടിൽ നടന്ന എന്തെങ്കിലും കാര്യമാണ് ഈ സ്വകാര്യം) തർക്കുത്തരം പറയുക ഇതൊക്കെയാണ്
എന്നെ സംബന്ധിച്ച് ഇത് ഒരു അംഗീകാരവും വെല്ലുവിളിയും ആണ് എന്ന് എനിക്കറിയാമായിരുന്നു.
എന്ത് സൂത്രം പറഞ്ഞാണ് അവളെ സമ്മതിപ്പിക്കേണ്ടത് എന്നചിന്തയായിരുന്നു എനിക്ക് യാത്രയിൽ മുഴുവൻ
ആശുപത്രിയിലെത്തി അവളുടെ മുറിയിൽ കയകയറുംപോഴും എങ്ങിനെ അവളെ സമ്മതിപ്പിക്കാം എന്നകാര്യത്തിൽ എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.
ഞാൻ മുറിയിലെത്തുനംപോൾ അവിടെ ഒരു ജനക്കൂട്ടം തന്നെ ഉണ്ട്.
ജിൻസിയാണെങ്കിൽ സാമാന്യം നല്ല കരച്ചിലാണ്.
ഞാൻ വന്നാൽ കുട്ടി സമ്മതിക്കുമെന്ന വിചാരത്തിലാണോ അതോ സമ്മതിച്ചില്ലെങ്കിൽ ബലം പ്രയോഗിച്ച് കുത്തിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നറിയില്ല നേഴ് സ് മാർ കുത്തിവയ്ക്കാൻ തയ്യാറായാണ് നിന്നത്.
ഞാനപ്പോൾ ജിൻസിയുടെ മാനസീകാവസ്ഥയാണ് ഓർത്തത്..അവളെ സംബന്ധിച്ച് ഏറ്റവും ഭയാനകമായ ഒരു സംഗതി നടക്കാൻ പോകുന്നു..എല്ലാവരുകൂടി അവളെ അതിന് നിർബന്ധിക്കുന്നു ..അവൾക്ക് ആകെ കഴിയുന്ന പ്രതിരോധം കരച്ചിൽ മാത്രമാണ്.
ആ രക്ഷിതാക്കൾക്ക് എന്നിലുള്ള വിശ്വാസവും എന്നെ സെൻറിമെൻറലാക്കി……
എന്നെകണ്ടതോടെ ജിൻസി അമ്മയുടെ കൈയ്യിൽ നിന്ന് എൻറെ നേരേചാടി
സാറേ ഇവരെന്നെ കുത്തിവയ്ക്കാൻ നോക്ക്വ എന്നു പറഞ്ഞവൾ എൻറെ  നെഞ്ചിൽ പറ്റിച്ചേർന്നു.
ഞാനവളെക്കൊണ്ട് കട്ടിലിൽ ഇരുന്നു
എൻറെ കണ്ണ് നിറഞ്ഞുപോയി……
അവളുടെ തുടയിൽ തട്ടിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു.മോളേ.
അവൾ പതിയെ തല ഉയർത്തി നോക്കിയിട്ട് എന്നോട് ചോദിച്ചു  .സാറെന്തിനാ കരയണേ.
അവടെ ഉണ്ടായിരുന്ന നേഴ് സ് ചാടിപ്പറഞ്ഞു.മോള് കുത്തിവയ്പ്പിക്കാൻ സമ്മതിക്കാഞ്ഞിട്ടാ സാറ് കരേണേ..
എന്നെ കുത്തിവയ്ക്കണ്ടാ.എന്നു പറഞ്ഞവൾ വീണ്ടും തോളിലേക്ക് ചാഞ്ഞു
അവളുടെ  വാശിക്ക് കുറച്ച് കുറവുവന്നതു പോലെ എനിക്ക് തോന്നി……
ഞാനവളെ മുറുകെ പിടിച്ചു... പതിയെ അവളുടെ ചെവിയി പറഞ്ഞു…ഹേയ് മോള് കെടന്നോ….കുഴപ്പോന്നൂല്യ…എന്നിട്ട്.. .നേഴ്സിനേട് കണ്ണ് കാണിച്ചു
ആ നേഴ് സിൻറ വേഗതയും കൃത്യതയും അത്ഭുതകരമായിരുന്നു..
സെക്കൻറുകൊണ്ടവർ കുട്ടിയുടെ തുടയിൽ കുത്തിവയ്പ്പ് എടുത്തു.
സൂചി കയറിയപ്പോൾ അവളൊന്നു ഞെട്ടിപക്ഷേ കരച്ചിലിന് വലിയ ശക്തി ഉണ്ടായില്ല……..
അഞ്ച് മിട്ടോളം കഴിഞ്ഞ് ഞാനിറങ്ങാറാകുംപോഴേക്കും അവൾ എൻറെ തോളത്തുകിടന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു…….
പിന്നെ ജേക്കബിൻറെ  നിർബന്ധിത സൽക്കാരവും കഴിഞ്ഞ് വീട്ടിലെത്തുംപോൾ സമയും രണ്ടര……..

Thursday, September 13, 2012


         മാഷിൻറെ അതേ മൂട
പത്തിരുപത്തഞ്ചുകൊല്ലം മുൻപുള്ള കഥയാണ്.കൊച്ചുകുട്ടികൾ ചെറിയ കാര്യങ്ങൾ പോലും എത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന് അന്നാണ് മനസിലായത്.
അങ്ങനെയൊരു തുടക്കം ഇട്ടത് ആരാണെന്ന് ഓർമ്മയില്ല..
ഒരു പക്ഷേ ജേക്കബ് മാഷ് ആയിരിക്കാനാണ് സാധ്യത
ഒരു ദിവസം ഒന്നാം ക്ലാസിൽ ചെല്ലുംപോൾ എല്ലാവരുംകൂടി വിളിച്ചുപറയുന്നു.
.ഏ മാസ്റ്റ..ജേക്കബ് മാസ്റ്ററിൻറെ ഗേൾഫ്രണ്ട് ആരാന്നറിയാമോ.
ജേക്കബ് മാഷിൻറെ ഗേൾ ഫ്രണ്ടോ? അത് ഈ കട്ടുറുംപുകൾ എങ്ങിനെ അറിഞ്ഞു..
അപ്പോഴേക്കും എല്ലാവരുംകൂടി ഒരുത്തിയെ മുംപിലേക്ക് തള്ളിക്കയറ്റി നിറുത്തി
 ഫാത്തിമ……
.അവൾക്കാണെങ്കിൽ ഭയങ്കര നാണം..
അപ്പോ ഇനി മാശ്റ്റർക്ക് ഗേൾഫ്രണ്ട് വേണ്ടേ..മറ്റാർക്കും പറയാൻ ചാൻസ് കിട്ടുന്നതിന് മുംപ് സുഹ്റ ചാടിക്കേറിപ്പറഞ്ഞു
അത് ഞാംമതി..
അങ്ങിനെ സുഹ്റ എൻറെ ഗേൾഫ്രണ്ട് ആയി
ഗേൾഫ്രണ്ടിന് എല്ലാവരും അംഗികരിച്ചുകൊടുത്തിട്ടുള്ള ചില അവകാശങ്ങളുണ്ട്   
അധ്യാപകൻ വെറുതേ ഇരിക്കുന്ന സമയമാണെങ്കിൽ അധ്യാപകൻറെ മടിയിൽ കയറി ആദ്യം ഇരിക്കാനുള്ള അവകാശമാണ് പ്രധാനംമറ്റുള്ളവർ അവിടെ ഇരിക്കുന്നതിനെ ഗേൾഫ്രണ്ട് ചെറുക്കാൻ ശ്രമിക്കുമെങ്കിലും കുറച്ചുകഴിയുംപോഴേക്കും എല്ലാവരും മാഷിൻറെ മടിയിലും കസേരയിലും മേശപ്പുറത്തുമായി സ്ഥാനം പിടിച്ചിരിക്കും
നീട്ടി വളർത്തിയ മുടിയും താടിയും തോൾസഞ്ചിയും ശാസ്ത്ര സാഹിത്യപരിഷത്തും അക്കാലത്ത് ബുദ്ധിജീവികളുടെ ട്രേഡ് മാർക്കായിരുന്നു..
ഞാനും ഇവമൂന്നും കൊണ്ട് സൂത്രത്തിൽ ബുദ്ധി ജീവിയായി നടക്കുകയായിരുന്നു
ഒരു ദിവസം ഞാനൊരു  ഗംഭീരമായ തീരുമാനമെടുത്തു..
മുടിയും താടിയും വെട്ടിക്കളയാമെന്ന്…. 
ഒരു ഞായറാഴ്ച ആഘോഷമായി എല്ലാവരും കൂടെ ടൗണിൽ പോയി ആ മഹനീയ കൃത്യം നിർവഹിച്ചു……
തിരിച്ച്   മികച്ചും മര്യാദക്കാരനായി മാന്യനായി തിരിച്ചുവരുന്ന എന്നെ ഒരുത്തനും തിരിച്ചറിയുന്നില്ല..
രാവിലെ സ്ക്കൂളിലെത്തിയപ്പോൾ ഹെഡ്മാസ്റ്റർ ഹനീഫ സാർ കഷ്ടിച്ചാണ് എന്നെ തിരിച്ചറിഞ്ഞത്..
അദ്ദേഹം പറഞ്ഞു നിൻറെ ഉള്ളിൽ ഇത്രയും വൃത്തിയുള്ള ഒരു മനുഷ്യൻ ഉണ്ടെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത് എന്ന്.
ക്ലാസിലേക്ക് പോകാൻ നേരം രമേശൻ എൻറെ ക്ലാസിൽ കയറി പറഞ്ഞിട്ടുപോയി 
ഇന്നുമുതൽ നിങ്ങൾക്ക് പുതിയ മാഷാണ്.. പേര് കുട്ടപ്പൻ  
ഞാൻ പതിവുപോലെ ക്ലാസിൽ കയറി.
കുട്ടികൾ തികഞ്ഞ അപരിചിതത്വത്തോടെ തന്നെ നമസ് തേ പറഞ്ഞു
.ഞാൻ കസേരയിൽ ഇരുന്നു..കുറച്ചുനേരം കുട്ടികൾ അപരിചിതത്വത്തിൽ തന്നെ തുടർന്നു.
അതിനിടയ്ക്ക് ചിലർ പുതിയ മാഷല്ലേ മാഷൻറെ പേരെന്താ െന്നോക്കെ ചോദിക്കാൻ തുടങ്ങി അതിനിടയ്ക്ക് എൻറെ ഗേൾഫ്രണ്ട് സുഹ്റ ഇരുന്നുകൊണ്ട് തന്നെചേദിച്ചു 
മാഷ് ഞങ്ങടെ പഴയ മാഷല്ലേ.
അല്ല..
പക്ഷേ അവൾ പറഞ്ഞു 
അതേ അതേ... ദേ മാഷിൻറെ അതേ ചെറുപ്പ് അതേ വാച്ച് അതേ മൂട(മുഖം)  മാഷ് പഴയ മാഷ് തന്നെ…….

Wednesday, September 12, 2012


      രാജലക്ഷ്മിയുടെ തോൽവി

പത്തിരുപത്തഞ്ചു കൊല്ലം മുൻപാണ് സംഭവംഞാൻ ആറാംക്ലാസിലെ ക്ലാസ് റ്റിച്ചർ ..ക്ലാസിൽ നാല്പ്പതോളം കുട്ടികൾ..രാജലക്ഷ്മി ഒരു സാധാരണ കുട്ടിയാണ്..അന്നത്തെ അധ്യാപകരുടെ ഭാഷയിൽ പറഞ്ഞാൽ ശരാശരിയിൽ താഴ്ന്ന നിലവാരമുള്ള കുട്ടി.എങ്കിലും കറുത്ത ഓമനത്തമുള്ള മുഖമുള്ള ആ കുട്ടി എൻറെ പ്രത്യക ശ്രദ്ധയിൽ എന്നും ഉണ്ടായിരുന്നു..ആളും ചെറുതാണ്അവളുടെ അച്ഛന് ചായക്കടയാണ്..എന്നും ഞാനും എൻറെ സുഹൃത്ത് രാമചന്ദ്രൻ മാഷും ആകടയിൽനിന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറ്.അവളുടെ വീട് തന്നെയാണ് കടയും അങ്ങിനെ ആ കുടുംബത്തിലെ എല്ലാവരേയും ഞങ്ങൾക്കറിയാം
വാർഷിക പരീക്ഷ കഴിഞ്ഞു. അധ്യാപകർ റിസൽറ്റ് തയ്യാറാക്കുന്ന തിരക്കിലാണ്.എല്ലാം തയ്യാറാക്കി ഹെഡ്മാഷെ ഏൽപ്പിച്ചിട്ടുവേണം നാട്ടിലേക്ക് വണ്ടികയറാൻ……മാർക്ക് ലിസ്റ്റിനു വേണ്ടി ക്ലാസ് റ്റീച്ചർമാർ ക്ലാസിലെ മറ്റ് അധ്യാപകരെ ശല്യം ചെയ്തുകൊണ്ടിരിക്കുന്നുഞാൻ എൻറെ മറ്റുവിഷയങ്ങളുടെ ഉത്തരക്കടലാസ് നോക്കി അതാത് ക്ലാസ് റ്റീച്ചർമാർക്ക് മാർക്ക് ഷീറ്റ് കോടുത്തുകഴിഞ്ഞശേഷം എൻറെ ക്ലാസിലെ പ്രമോഷൻ ലിസ്റ്റ് (ജയിക്കുന്ന കുട്ടികളുടെ വിവരം)തയ്യാറാക്കാൻ തുടങ്ങി……
ക്ലാസിൽ അഞ്ചുകുട്ടികളേ തോൽക്കാൻ പാടുള്ളു(എണ്ണംകൃത്യമല്ല കെട്ടോ).സ്വാഭാവികമായും എറ്റവും മാർക്കുകുറഞ്ഞ അഞ്ചുപേരെ തോൽക്കാൻ അനുവദിച്ച് മറ്റുള്ളവരെ വിജയിപ്പിക്കുകയാണ്  പതിവ്.മാർക്ക് ഏറ്റവും കുറഞ്ഞ കുട്ടികളുടെ കണക്കെടുക്കുംപോൾ രാജലക്ഷ്മി ആറാമതാണ്. സാധാരണഗതിയിൽ കൺഫ്യൂഷൻ ഉണ്ടാകേണ്ട ഒരു കാര്യവുമില്ല രാജലക്ഷ്മി ജയിക്കുകയും ബാക്കി അഞ്ചുപേർ തോൽക്കുകയും ചെയ്യണം..പക്ഷേ ആ സമയത്ത് എനിക്ക് ഒരു കുനുഷ്ഠ് ചിന്ത ഉണ്ടാവുകയാണ്രാജലക്ഷ്മിക്കുതാഴെയുള്ള അഞ്ചുപേരും അക്കാലത്തെ അധ്യാപകരുടെ ഭാഷയിൽ പറഞ്ഞാൽ വെറും കിഴങ്ങൻമാരാണ്..രണ്ടല്ല ഇരുപതുകൊല്ലം ആറാം ക്ലാസിൽ പഠിച്ചാലും അവർക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. പക്ഷേ രാജലക്ഷ്മി ബുദ്ധിയുള്ള കുട്ടിയാണ് ഒരു വർഷം കൂടി അവൾ ആറാംക്ലാസിൽ പഠിച്ചാൽ അവൾക്ക് പ്രയോജനം കിട്ടിയേക്കുംകിട്ടിയേക്കും എന്നല്ല അവൾ വരും വർഷം ആ ക്ലാസിൽ നല്ല പെർഫോമൻസ് കാണിക്കാൻ സാധ്യതയുണ്ട്……..അങ്ങനെ രാജലക്ഷ്മിയെ തോൽപ്പിക്കാനും അവളെക്കാൾ ഏറെ മാർക്കുകുറഞ്ഞ മറ്റൊരാളെ  വിജയിപ്പിക്കാനും ഞാൻ തീരുമാനിച്ചു……..ആരീതിയിൽ പ്രമോഷൻ ലിസ്റ്റ് കൊടുത്ത് ഞാൻ നാട്ടിലേക്ക് വണ്ടി കയറി..അടുത്തവർഷം സ്ക്കൂൾ തുറന്നപ്പോൾ എനിക്ക് സ്ഥലം മാറ്റം ആയതിനാൽ ക്ലാസിൽ പോകേണ്ടി വന്നില്ലആക്ലാസ് രാമചന്ദ്രൻ മാസ്റ്ററാണ് എടുത്തത്……മൂന്ന നാല് മാസം കഴിഞ്ഞ് ഞാൻ രാമചന്ദ്രൻ മാസ്റ്ററെ കാണാൻ ചെല്ലുന്നു.പതിവുപോലെ  രാവിലെ രണ്ടുപേരും കൂടെ രാജലക്ഷ്മിയുടെ കടയിൽ കയറി ചായകുടിക്കാനിരുന്നു.രാജലക്ഷ്മിയുടെ അച്ഛൻ വിശേഷങ്ങൾ പറഞ്ഞെങ്കിലും എന്തോ ഒരു അകൽച്ചപോലെഞാനത് ശ്രദ്ധിച്ചില്ലചായകുടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രാമചന്ദ്രൻ മാസ്റ്റർ ചോദിച്ചു ..താനെന്തിനാടോആ കൊച്ചിനെ തോൽപ്പിച്ചത്.അവളെക്കാൾ മാർക്കുകുറഞ്ഞവരെ ജയിപ്പിച്ചിട്ട് മനപ്പൂർവം താൻ രാജലക്ഷ്മിയെ തോൽപ്പിച്ചതാണെന്നാണ് അവരുടെ ധാരണ.സത്യത്തിൽ താനെന്തിനാ അവളെ തോൽപ്പിച്ചത് .അത്രയം നല്ലവണ്ണം പഠിക്കുന്ന കുട്ടി എങ്ങിനെയാടോ തോൽക്കുന്നത് .ആക്ലാസിലെ ഏറ്റവും മിടുക്കിയായ കുട്ടിയാണവൾ ..ക്ലാസിലെ ലീഡറും അവളാണ്..ഞാൻ ആഗ്രഹിച്ചതുപോലെ തന്നെയാണ് നടന്നത് എന്ന് എനിക്ക് മനസിലായി..സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ മാറ്റമാണ് രാജലക്ഷ്മിയിൽ ഉണ്ടായത്.ഞാൻ രാജലക്ഷ്മിയുടെ രക്ഷിതാക്കളെ കണ്ട് കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചുഎൻറെ സന്തോഷത്തിനുവേണ്ടി കാര്യം മനസിലായി എന്നവർ ഭാവിച്ചെങ്കിലും അവർ തൃപ്തരല്ല എന്ന് എനിക്കറിയാമായിരുന്നു
പക്ഷേ പലവട്ടം നേരിൽ കണ്ടിട്ടും രാജലക്ഷ്മി എന്നോട് മിണ്ടാൻ തയ്യാറായില്ല.ഞാനെന്തോ ചോദിച്ചപ്പോൾ അവൾക്ക് കരച്ചിൽ വരികയും ചെയ്തു..
എനിക്ക് ഇപ്പോഴും നിശ്ചയമില്ല ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്ന്..
രാജലക്ഷ്മിയുടെ കരച്ചിൽ എന്നെ വിഷമത്തിലാക്കി ..എന്തായാലും പിന്നീടൊരിക്കലും ഞാൻ അത്തരം ഒരു തിരിമറി നടത്തിയിട്ടില്ല..
സത്യത്തിൽ ഒരു ക്ലാസിലെ പരാജയം കുട്ടികളിൽ ഇത്രവലിയ വേദന ഉണ്ടാക്കുമെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്..

കാർത്ത്യായിനി
ഇരുപത്തഞ്ചു കൊല്ലം മുംപ് കാസർഗോഡ് അടുത്തൊരു സ്ഥലത്ത്  ഒരു ഹൈസ്ക്കൂളിൽ ജോലി ചെയ്യുന്നകാലംഒന്നാം തരംമുതൽ പത്താംതരം വരെ ക്ലാസുകൾ ഉള്ള വലിയ സ്ക്കൂൾ.
ഞായറാഴ്ചകൾ ഉത്സവദിനങ്ങളാണല്ലോ..പ്രധാന പരിപാടി മദ്യപാനംതന്നെ(ശംപളം കിട്ടിയതിനോട് അടുത്ത ദിവസങ്ങളാണെങ്കിൽ)
പിന്നെ ബീച്ച് സിനിമ..അങ്ങനെ ജീവിതം ആഘോഷമാക്കിയ നാളുകൾ
ഒരു ഞായറാഴ്ച  മദ്യപാനത്തിനിടെ ഒരുവൻ തൻറെ ആഗ്രഹം പറഞ്ഞു
വാറ്റുചാരായം കുടിക്കണം
.കൂട്ടത്തിലുള്ള മറ്റൊരു സുഹൃത്തിന്  നാട്ടുകാരനായ ഒരാളെ അറിയാം-അയാൾക്ക്  ഇത്തരം കാര്യങ്ങളെക്കുറിച്ച് നിശ്ചയമുണ്ട്.
ഉടനെ അയാളെതപ്പി
പിടികിട്ടി കക്ഷിക്ക് വാറ്റ് കിട്ടുന്ന സ്ഥലം അറിയാം  
കുറച്ചുദൂരം നടക്കണം..
ആയ് ക്കോട്ടെ.നടക്കാം
നടക്കുന്ന വഴിക്ക് അയാൾ പറഞ്ഞു
മാസ്റ്റ.അവിടെ എല്ലാവിധ വിനോദങ്ങൾക്കുമുള്ള ചാൻസുണ്ട്..
അയാൾ കാര്യങ്ങൾ വിശദീകരിച്ചു..വീട്ടിൽ ചാരായം വാറ്റും തന്തയ്ക്ക് വലിയ ആരോഗ്യമില്ല.തള്ളയാണ് വിൽപ്പന..എല്ലാത്തരം കച്ചവടവുമുണ്ട്..ഇപ്പോ മോളും കച്ചവടം തുടങ്ങിയിട്ടുണ്ട്.തള്ളോം മോളും കൂടെ സംപാദിച്ച് കൂട്ടുകയല്ലേ..
ഞങ്ങൾ എല്ലാവരും കന്യകന്മാർപേടി യും കൊതിയും കൊണ്ട് ഞങ്ങൾ പ്രതിസന്ധിയിലായി.
എന്തായാലും ധൈര്യമുള്ളവർ അതില്ലാത്തവർക്ക് കുറച്ച് കൊടുത്ത് എല്ലാവരേയും ധൈര്യവാന്മാരാക്കി
.വാറ്റുചാരായത്തിൻറെയും വ്യഭിചാരത്തിൻറെയും ആദ്യാനുഭവങ്ങളിലേക്ക് ഞങ്ങൾ നടന്നടുത്തു……
കുറച്ചകലെ കാണുന്ന ഒറ്റപ്പെട്ടവീട് ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു
അതാണ്  വീട്
.ഒരു കുന്നിൻ മുകളിൽ പാറയോട് ചേർന്ന് ഓല(അതോ പുല്ലോ)മേഞ്ഞ ഒരു കൊച്ചുവീട്..സ്ഥലം പുറംപോക്കായിരിക്കണം
.വിൽപ്പന ചാരായവും ശരീരവുമാണെങ്കിലും അവിടെ സ് റ്റോക്ക് ചെയ്തിരിക്കുന്നത് ദാരിദ്ര്യമായിരിക്കണം
വീടിനടുത്തെത്താറായപ്പോൾ മകൾ എന്തോ കാര്യത്തിന് പുറത്തേക്കിറങ്ങിവഴികാട്ടി പറഞ്ഞു അതാണ് മോള്..  എങ്ങനെയുണ്ട്..
ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ അപ്പോ പറഞ്ഞു
എടാ നമ്മടെ കാർത്ത്യായിനിയെപ്പോലെ ഉണ്ട്
.ശ്രദ്ധിച്ചു നോക്കിയപ്പോൾ എല്ലാവർക്കും ആ സംശയം തോന്നി
.എല്ലാവരും അടുത്തുള്ള കശുമാവിൻറെ പിറകിലുരുന്ന് കാര്യങ്ങൾ വീക്ഷിച്ചു
അതേ അത് കാർത്യായിനി തന്നെ
.വഴികാട്ടിക്ക് കാര്യങ്ങൾ അത്രനിശ്ചയമില്ല..
പക്ഷേ ഞങ്ങൾ ഒളിച്ച് കുറേക്കൂടെ അടുത്തു പോയി കാര്യങ്ങൾ സ്ഥിരീകരിച്ചു..കൂട്ടത്തിലൊരുവന് ദേഷ്യം വന്നു
ഈ ചക്കപ്പോത്തിന് ഇതാണല്ലേ പരിപാടി.

ഈ കാർത്ത്യായിനി ഞങ്ങടെ സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്
ഒൻപതുവരെ അവൾ പഠിച്ച് ജയിച്ചതൊന്നുമല്ല..തോറ്റ് തോറ്റ് സഹികെടുംപോൾ അടുത്തക്ലാസിലേക്ക് ജയിപ്പിച്ചുവിടും അത്രതന്ന
തടിച്ച് വീപ്പക്കുറ്റിപോലോരു പെണ്ണ്
ബ്ളൗസും പാവാടയും വേഷം  അവൾക്ക് ബുദ്ധിക്ക് ഒരു പത്തുപൈസ കുറവുള്ളപോലെയാണ് ഞങ്ങൾക്ക് തോന്നാറ്
.ഒരു അനുസരണക്കേടും ഒരു അധികപ്പറ്റുമില്ലാത്ത സാധു..
ഞങ്ങൾ അവിടുന്ന് ഓടിയ വഴിക്ക് പുല്ലുമുളച്ചിട്ടില്ലെന്ന് പറയാം..
പിന്നീട് ഒരു കോല്ലക്കാലം ഞങ്ങളുടെ മുന്നിലൂടെ കാർത്ത്യായിനി കടന്നു പോയി……

അങ്ങനെ ഒരു സംഭവം നടന്നകാര്യം ഞങ്ങളാരും പിന്നെ ഓർക്കാൻ ശ്രമിച്ചിട്ടില്ല……

Tuesday, September 11, 2012


അവൻറ ശാപം
 എൻറെ മേൽ പതിയാതിരിക്കട്ടെ
                  അന്ന് പ്രായം ചെറുപ്പം. ഞങ്ങൾ കുറേ ചെറുപ്പക്കാരായ അധ്യാപകർ.. എംപ്ലോയ്മെൻറ്  എക് സേഞ്ച് വഴി നിയമിക്കപ്പെട്ടവർ. ജോലിയും താമസവുമെല്ലാം സ്ക്കൂളിൽ തന്നെചെറുപ്പത്തിൻറെ ആവേശം..എന്തെങ്കിലുമൊക്കെ ചെയ്യണം എന്ന ഉത്സാഹം...ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ പിശുക്കുകാണിക്കാത്ത ഹെഡ്മാസ്റ്റർ ഹനീഫസാർ. സ്ഥലം കാസർഗോഡ് പട് ല ഹൈസ്ക്കൂൾ....ഞാൻ ഒന്നാംക്ലാസിലെ പ്രഫസർസുഹൃത്ത് രമേശ് രണ്ടാം ക്ലാസിൽകൊച്ചുകുട്ടികളും കൂട്ടുകാരും ഹനീഫസാറും സ്വയംപാചകവും വല്ലപ്പോഴുമുള്ള മദ്യപാനവും ഒക്കെയായി ശാന്തസുന്ദരസുരഫിലമായി(സുരഭിലത്തിന് ഈ ഭാ ആണ് ശരി അല്ലേ) ഒഴുകുന്ന ജീവിതം.
ഞങ്ങളുടെ ക്ലാസ് പുതിയ കെട്ടിടത്തിലാണ്..വെള്ളപ്പെക്കദുരിതാശ്വാസത്തിനായി ഗവൺമെൻറ് പണികഴിപ്പിച്ച പുത്തൻ കെട്ടിടം……..
ഒരു ദിവസം ഉച്ചഭക്ഷണത്തിന് സ്ക്കൂൾ വിട്ടസമയംരമേശൻ യാദൃശ്ചികമായി ക്ലാസ് മുറിയുടെ വരാന്തയിലൂടെ നടക്കുംപോൾ ഒരു ഒന്നാം ക്ലാസുകാരൻ മനോഹരമായ ക്ലാസ് ഭിത്തിയിൽ എന്തോ എഴുതുന്നത് ശ്രദ്ധയിൽ പെട്ടു..അവനത് അത്ര കാര്യമാക്കിയില്ല..
വീണ്ടും ക്ലാസ് ആരംഭിക്കുംപോൾ പതിവുപോലെ ഞാൻ ക്ലാസിലെത്തി……ക്ലാസ് ആരംഭിക്കുന്നതിനുമുംപേ കുട്ടികൾ കൂട്ടമായി എത്തി സങ്കതി എന്നെ ബോധിപ്പിച്ചു..മാഷേ ഭിത്തിയിൽ തെറി എഴുതി വച്ചിരിക്കുന്നു..നോക്കിയപ്പോൾ സംഗതി ശരിയാണ്.അക്ഷരത്തെറ്റില്ലാതെ ചോക്കുകൊണ്ട് രണ്ടുമൂന്ന് തെറികൾ എഴുതിവച്ചിരിക്കുന്നു(ഇന്ന് ഒന്നാംക്ലാസിലെ ഒരുകുട്ടിപോലും തെറ്റില്ലാതെ അത്രയും തെറികൾ എഴുതുകയില്ല എന്ന് എനിക്ക് തോന്നുന്നു)
പിന്നെ സിഐഡി പരിപാടിയാണല്ലോആരാണ് ഇത് എഴുതിയതെന്നുകണ്ടുപിടിക്കുകതന്നെപക്ഷേ അത്രബുദ്ധിമുട്ടൊന്നും വേണ്ടിവന്നില്ല കുട്ടികൾ കൂട്ടമായി പറഞ്ഞു റഹീം ആണ് എഴുതിയതെന്ന്..പക്ഷേ റഹീം ആകട്ടെ ഈ സംഭവം പാടേ നിഷേധിച്ചു.ചെറുപ്പക്കാരനായ അധ്യാപകൻ കൺഫ്യൂസ് ഡ് ആകുമല്ലോ..സത്യത്തിൽ കൺഫ്യൂഷൻ ഇല്ല.കാരണം ക്ലാസിലെ മറ്റ് കുട്ടികൾക്ക് കള്ളം പറയേണ്ട യാതൊരു ആവശ്യവുമില്ല..അവർക്കും എനിക്കും ഉറപ്പാണ് അത് എഴുതിയത് ആരാണെന്ന്.പക്ഷേ എഴുതിയവനെക്കൊണ്ട് അത് സമ്മതിപ്പിക്കലും തുടർന്ന് ഒരു ശിക്ഷ നടപ്പാക്കലുമാണല്ലോ അധ്യാപക ധർമ്മം..മാത്രമല്ല അത്  അവനെക്കൊണ്ട് സമ്മതിപ്പിക്കുക എന്നത് എൻറെ അന്തസിൻറെ പ്രശ്നവുമായി എനിക്ക് തോന്നിഇണങ്ങിയും പിണങ്ങിയും ചോദിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും റഹീം കുറ്റം സമ്മതിക്കുന്നില്ല.ഒടുവിൽ അധ്യാപകൻറെ ബ്രഹ്മാസ്ത്രം -വടി- എടുക്കുവാൻ ഞാൻ തീരുമാനിക്കുന്നു.ക്ലാസിൽ ഉള്ളപൊട്ടിപ്പൊളിഞ്ഞ കംപ് പോരെന്നും ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന സ് പെഷ്യൽ ചൂരൽ വടി വേണമെന്നും  പ്രഖ്യാപിച്ച് ഞാൻ ഒഫീസിലേക്ക് പോയി.ഈ സമയത്തിനിടയിലെങ്കിലും റഹിമിന് മനംമാറ്റം ഉണ്ടായേക്കാം എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..ഞാൻ ഒഫീസിൽ നിന്ന് ഗംഭീരൻ ചൂരലുമായി പ്രത്യക്ഷപ്പെട്ടിട്ടും റഹീമിന് ഒരുമാറ്റവുമില്ല..കക്ഷി സ്വന്തം സ്റ്റാൻറിൽ ഉറച്ചുനിന്നു..അത് ഞാൻ എഴുതിയതല്ല……
പിന്നെ ഞാൻ അധ്യാപകൻറെ ബ്രഹ്മാസ്ത്രം പുറത്തെടുത്തു -വടി-ആ ഒന്നാംക്ലാസുകാരൻറെ തുടയിൽ രണ്ടടി……എനിക്ക് ഉറപ്പായിരുന്നു അത് രണ്ടും തുടപൊട്ടിച്ചിട്ടുണ്ടാകുമെന്ന്.അവൻ ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു..എൻറെ ഉമ്മസത്യം ഞാൻ എഴുതിയിട്ടില്ല.ഞാൻ വീണ്ടും കൺഫ്യൂഷനിലായിഎന്തായാലും അതോടെ ഞാൻ അവനെക്കൊണ്ട് സത്യം പറയിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു.
ക്ലാസിലെ ഒച്ചയും ബഹളവും കേട്ടാണ് അടുത്തക്ലാസിലുണ്ടായിരുന്ന രമേശ് വന്നത് . രമേശിനോട് ഞാൻ കാര്യം പറഞ്ഞു
രമേശ് പറഞ്ഞു ഞാൻ കണ്ടതാണല്ലോ.ഇവൻ തന്നെയാണ് ഇത് എഴുതിയത്..പിന്നെ ചോദ്യം ചെയ്യൽ രമേശിൻറെ വകയായിഎത്രചേദിച്ചിട്ടും തെളിവുകൾ നിരത്തിയിട്ടും റഹീം സമ്മതിക്കാൻ കൂട്ടാക്കിയില്ല.രമേശിന് നല്ലവണ്ണം ദേഷ്യം വന്നു കാണണം..കുറച്ചൊരു കളിയായി അവൻ ചാടി റഹീമിന്റെ കഴുത്തിൽ പിടിച്ചുകൊണ്ട് പറഞ്ഞു സത്യം പറഞ്ഞോ  അല്ലെങ്കിൽ ഞാനിപ്പോ നിന്നെ ഞെക്കി കൊല്ലും ഒരു പ്രയോജനവുമുണ്ടായില്ല..പതിവുപോലെ റഹീം പറഞ്ഞു ഞാനല്ല.
ഇനി ഒന്നും ചെയ്യാനില്ല..ഞങ്ങൾ പദ്ധതി ഉപേക്ഷിച്ച് മറ്റു കാര്യങ്ങളിലേക്ക് മടങ്ങി
പിറ്റേന്ന് റഹീമിൻറെ വാപ്പ പരാതിയുമായി വരാൻ സാധ്യത ഉണ്ടെന്നചിന്ത ഞങ്ങൾക്കു രണ്ടുപേർക്കും ഉണ്ടായിരുന്നു..കുട്ടികളെ അടിച്ചാൽ ചിലർ പിറ്റേന്ന് പരാതിയുമായി വരാറുണ്ട്.ഞാനങ്ങനെ കുട്ടികളെ ശക്തിയായി അടിക്കാറുള്ള ആളല്ല.അതുകൊണ്ട് എൻറെ പേരിലങ്ങനെ പരാതികൾ വരാറില്ല
പ്രതീക്ഷിച്ചപോലെ പിറ്റേന്ന് രാവിലെ റഹീമിൻറെ വാപ്പ പരാതിയുമായല്ല കത്തിയുമായാണ് വന്നത്
.എവിടെ ആ മാഷ്മ്മാര് അവരെ ഞാൻ തട്ടും.
പക്ഷേ കക്ഷിക്ക് ഞങ്ങളെ രണ്ടുപോരെയും അറിയില്ലഅയാൾ നാട്ടിലെ വല്യറൗഡിയാണത്രേസ്ക്കൂളിൽ വന്ന് ഒരു ബഹളമൊക്കെ ഉണ്ടാക്കിയിട്ട് അയാൾ കവലയിലേക്ക് പോയി.ഹെഡ്മാസ്റ്റർ വന്നിട്ട് വീണ്ടും വരാൻ വേണ്ടി
ഹനീഫ സാർ വന്നതറിഞ്ഞ് അയാൾ വീണ്ടും വന്നു പക്ഷേ അയാളുടെ കൂടെ നാട്ടിലെ ചില പ്രമാണിമാരും ഉണ്ടായിരുന്നുഹനീഫസാറിന് നാട്ടിൽ നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു.സാറിനെ സംരക്ഷിക്കാനാണ് പ്രമാണിമാർ വന്നത്
.റഹീമിൻറെ വാപ്പയുടെ ഡിമാൻറ് നിസാരമാണ്  അയാൾക്ക് ഞങ്ങളെ കാണണം
ഹനീഫസാർ അത് സമ്മതിച്ചില്ല ..ഞാനാണ് ഈ സ്ക്കൂളിലെ അധികാരി എന്നും നിങ്ങൾക്ക് പറയാനുള്ളത് എന്നോട് പറയണം എന്നുമുള്ള സ്റ്റാൻറിൽ ഉറച്ചുനിന്നു.
നാട്ടിലെ പ്രമാണിമാരും പറഞ്ഞു ..ഹെഡ്മാസ്റ്റർ ആ മാഷ്മ്മാരെ വിളിച്ച് ഒന്നു ശാസിച്ചാൽ പ്രശ്നം തീരും..
സാർ അതിന് വഴങ്ങിയില്ല
എൻറെ സ്റ്റാഫിനോട് എന്തു പറയണമെന്ന് ഞാൻ തീരുമാനിച്ചുകൊള്ളാം..
അപ്പോൾ റഹീമിൻറെ വാപ്പ ചുവട് മാറ്റി
അവന്മാരെ ഞാൻ റോഡിൽ വച്ച് കണ്ടോളാം എന്നായി..
ഞങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ഹനീഫസാർ അപകടം മണത്തു
സാർ പറഞ്ഞുനീ ഇക്കാര്യത്തിന് അവരുടെ അടുത്ത് ചെന്നു എന്ന് ഞാനറിഞ്ഞാൽ അന്നുതന്നെ നീ പോലീസ് കസ്റ്റഡിയിലാകുംനിൻറെ നിഴലുപോലും അവരുടെ അടുത്ത് വീഴരുത്
ഹനീഫസാറിൻറെ സ്വാധീനം അറിയാവുന്ന അയാൾ നിരാശനായി തിരിച്ചു പോയി..
റഹീമിനോട് ചെയ്തത് അധികപ്പറ്റായി പോയി എന്ന് ഞങ്ങൾ രണ്ടു പേർക്കും അറിയാം
ഹനീഫസാർ ഞങ്ങളെ വിളിപ്പിക്കുന്നത് കാത്ത് അന്നു മുഴുവൻ ഞങ്ങൾ കഴിഞ്ഞു
കാത്തിരുന്ന് ക്ഷമകെട്ട് ഞങ്ങൾ സാറിനെ അങ്ങോട്ട് പോയി കാണാൻ നിശ്ചയിച്ചു(ഒരിടത്തിലെ തവള യെപ്പോലെ)
സാർ ഒന്നും അറിയാത്തവനെ പ്പോലെ എന്താ സാബു എന്താ രമേശാ
ഇന്നലെ..
ഇന്നലെ ?.
അല്ല..റഹീമിൻറെ വാപ്പ
നിങ്ങലെന്തിനാ വന്നത്?
ഞങ്ങൾക്കൊരബദ്ധം പറ്റി.
ഞങ്ങൾ ചെയ്തത് കുറച്ച് അധികമായിപ്പോയി
സാറ് ഞങ്ങളോട് ഒന്നും പറഞ്ഞില്ല
ഹനീഫ സാർ പറഞ്ഞു എടാ എനിക്ക് വല്ലതും പറയാനുണ്ടെങ്കിൽ ഞാൻ നിങ്ങളെ വിളിപ്പിക്കും പോയി ക്ലാസെടുക്കാൻ നോക്ക്
                       കുട്ടികളെ ശിക്ഷിക്കുന്നത് എത്ര അനാവശ്യവും ക്രൂരവുമാണെന്ന്  പിന്നീട് ഞാൻ തിരിച്ചറിഞ്ഞു
                     ഒരു പതിനഞ്ച് കൊല്ലം മുൻപ് .തന്നെ ഞാൻ കുട്ടികളെ അടിക്കുന്നത് നിർത്തിശകാരിക്കലും അത്യപൂർവമാണ്.
                       സത്യത്തിൽ കുറേക്കാലമായി സ്ക്കൂളിൽ കുട്ടികൾക്ക് ഒട്ടും പേടിയില്ലാത്ത അധ്യാപകൻ ഞാനായിരിക്കും..
                    പക്ഷേ ഞാൻ പറഞ്ഞാൽ അവർ അനുസരിക്കാറുണ്ട് ..
                  ഇരുപത്തി രണ്ടും പതിനേഴും വയസ് പ്രായമുള്ള എൻറെ മക്കളെ ഇതുവരെ ഞാൻ അടിക്കുകയോ ചെവിക്ക് പിടിച്ച് തിരുമ്മുകയോ      ചെയ്തിട്ടില്ല.മറ്റുള്ളവരോട് ്പമര്യാദയായി പെരുമാറുകയോ മറ്റോ ചെയ്താൽ  അവിടെ പോയി അഞ്ച് മിനിറ്റ് കൈകെട്ടി നിൽക്കടാ എന്ന് പറയാറുണ്ട്.(അവരുടെ ചെറുപ്പത്തിൽ)
സ്ക്കൂളിൽ അധ്യാപകന് ശിക്ഷിക്കേണ്ടി വരുന്നത് ക്ലാസിലെ കുട്ടികളുടെ എണ്ണം കൂടുന്നതുകൊണ്ടാണ്..പതിനഞ്ച് കുട്ടികളിലധികമുള്ള ക്ലാസ് അച്ചടക്കത്തോടെ നടത്തിക്കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടാണ്അച്ചടക്കം നിലനിറുത്താനാണ് പലപ്പോഴും അധ്യാപകന് ശിക്ഷിക്കേണ്ടി വരുന്നത്