Saturday, December 28, 2013

         ഫാത്തിമ ഉണ്ടാക്കിയ പ്രശ്നം….
ഒന്നാം ക്ലാസിലെ കുട്ടി ഉടുപ്പിൽ മലവിസർജനം നടത്തിയാൽ എന്തുചെയ്യണമെന്ന് വിദ്യാഭ്യാസ നിയമത്തിൽ രേഖപ്പെടുത്താത്തത് വലിയ ദാർശനിക പ്രായോഗിക പ്രതിസന്ധികൾക്ക് കാരണമാകും, ചിലപ്പോ……
ജൂൺ മാസത്തിലെപ്പോഴോ ഫാത്തിമയാണ് പണിപറ്റിച്ചത്……
കുട്ടികൾ വഴി ഒന്നാം ക്ലാസ് അധ്യാപികയിലേക്കും അവിടെനിന്ന് മറ്റധ്യാപകരിലേക്കും സംഗതി പരന്നു…..
തോന്നുമ്പോ വരുകയും തോന്നുമ്പോ പോവുകയും ചെയ്യുന്ന പ്രധാനാധ്യാപകൻ കവലയിലെ പൊതുജന സമ്പർക്ക പരിപാടി കഴിഞ്ഞ് സ്ക്കൂളിലെത്തിയപ്പോ ഓഫീസിൻറെ മുന്നിൽ അധ്യാപകരും കുട്ടികളും കൂട്ടം കൂടി നിൽക്കുന്നു……
നടുക്ക് “മഴയേറ്റു ചാഞ്ഞ താമരപ്പൂപോലെ” ഫാത്തിമയും……
ഹെഡ്മാസ്റ്ററെ കണ്ടപാടെ അധ്യാപകർ കോറസ്സായി വിഷയം അവതരിപ്പിച്ചു….
അവൾ പലവട്ടം ക്ലാസിലിരുന്ന് മൂത്രമൊഴിച്ചിട്ടുണ്ട്. അന്നൊക്കെ വേണ്ടത്ര ഉപദേശങ്ങളും താക്കീതും കൊടുത്തതാണ്….ഇന്നിതാ പാവാടയിൽ അപ്പിയിട്ടു വച്ചിരിക്കുന്നു…..പിള്ളേരെ ബാലവാടീൽ ഇരുത്താതെ പള്ളിക്കൂടത്തിൽ വിടുന്നതിൻറെ കുഴപ്പമാണ്…..എന്തായാലും ഓട്ടോറിക്ഷ വരാൻ പറഞ്ഞിട്ടുണ്ട്….വീട്ടീകൊണ്ടാക്കാം……ഇനിയിപ്പോ ഈ നാറ്റോം വച്ചോണ്ട് വണ്ടീക്കേറ്റാൻ അയാള് സമ്മതിക്വോ ആവോ……
ഉദാത്തവും ഗംഭീരവുമായ മൗനം പുലർത്തിക്കൊണ്ട് ഹെഡ്മാസ്റ്റർ ബാഗും  .കണ്ണട പഴ്സ് തുടങ്ങിയ കിടുപിടികളും മേശപ്പുറത്ത് നിക്ഷേപിക്കുന്നു…..
ഘനഗംഭീരമായി പാത്തുമ്മയുടെ നേരേ നടക്കുന്നു……
തോളിൽ കയ്യിട്ട് അവളെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി….ഉടുപ്പ് ഓരോന്നായി അഴിച്ച് സോപ്പിട്ട് വൃത്തിയായി കഴുകി വീണ്ടും ഉടുപ്പിച്ചു…..
അപ്പോഴേക്കും ഓട്ടോ വന്നു…..
സ്ക്കൂളിലാകെ പരന്ന നിശ്ശബ്ദതയിൽ ഓളങ്ങളുണ്ടാക്കി ഹെഡ്മാസ്റ്ററേയും കുട്ടിയേയും കൊണ്ട് ഓട്ടോ നീങ്ങി……
അതേ വണ്ടിയിൽ ഹെഡ്മാസ്റ്റർ തിരിച്ചുവന്നു……
ഓഫീസിൽ എല്ലാവരും ഹാജരുണ്ടെങ്കിലും മശ്മാന മൂകത……
സഹികെട്ട് ഒടുവിൽ പാചകക്കാരി പെൺകുട്ടി വായ് തുറന്നു…..കുറച്ച് സങ്കടത്തോടെ തന്നെ……
എനിക്കത് കഴുകാൻ വിഷമമാണെന്നോർത്താണോ സാറ് തന്നെ അത് കഴുകിയത്…..എന്നോട് പറഞ്ഞാ പോരേ……
ഹെഡ്മാസ്റ്റർ പറഞ്ഞൂ…..
നീ കഴുകും എന്നെനിക്കറിയാം  പക്ഷേ ഇത് എനിക്കും കഴുകാവുന്നതേ ഉള്ളൂ……

              ഒരു വാധ്യാർ കഥ…

സജിത്ത് ഒന്നാംക്ലാസിൽ ചേരുമ്പോ ഒരു അടയ്ക്കയോളമേ ഉണ്ടായിരുന്നുള്ളൂ….പക്ഷേ ആള് മഹാ വികൃതിയാണ്….അധ്യാപകർ തുടർച്ചയായി പരാതി പറഞ്ഞപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്…
സംഗതി ലളിതമായിരുന്നു..പുള്ളിയേക്കാൾ വലുതാണ് ക്ലാസിലെ എല്ലാവരും തന്നെ … ചെറുതായതുകൊണ്ട് ഇദ്ദേഹത്തെ പലരും ഞോണ്ടാൻ ശ്രമിക്കും… പുള്ളി ആകാവുന്നതുപോലെ തിരികെ പെരുമാറും ..ഒന്നും പറ്റിയില്ലെങ്കിൽ കല്ലെടുത്തെറിയും…..
അവനെ വിളിച്ച് അടുത്തു നിറുത്തി വിശേഷങ്ങളൊക്കെ ചോദിച്ചു..രണ്ടുമൂന്ന് ദിവസം അടുപ്പിച്ച്….
അപ്പോഴേക്കും ആളങ്ങ് കേറി മിടുക്കനായി…എൻറെ മടിയിൽ കേറി ഇരിക്കാനും കസേരക്കൈയ്യിൽ പിടിച്ച് തൂങ്ങാനും മേശപ്പുറത്തെ സാധനങ്ങൾ തട്ടിമറിച്ചിടാനുമൊക്കെയുള്ള സ്വാതന്ത്ര്യമായി……

ഹെഡ്മാസ്റ്ററിൽ സജിത്തിനുള്ള സ്വാതന്ത്ര്യം സഹപാഠികളുടെ മുമ്പിൽ കക്ഷിയുടെ നിലവാരം ഉയർത്തിക്കാണണം….
എന്തായാലും കുറച്ച് നാളുകൊണ്ട് സജിത്ത് മിടുക്കനായി എല്ലാവരുടേയും ഓമനയായി…..
ജനുവരി ആയപ്പോഴേക്കും അവൻറെ വീട്ടുകാർക്ക് വീടുവിറ്റ് മറ്റൊരു സ്ക്കൂളിനടുത്തേക്ക് താമസം മാറേണ്ടിവന്നു….
ഒരു പൊതു വിദ്യാലയത്തിൻറെ പരിധിയിൽ നിന്ന് എൻറെ സ്ക്കൂളിലേക്ക് ഒരു കുട്ടിയേയും സ്വീകരിക്കില്ല എന്നൊരു നയം ഞാൻ പാലിച്ചിരുന്നു….
അടുത്തകൊല്ലം കുട്ടിയെ ആ സ്ക്കൂളിൽ ചേർക്കണമെന്നും അതുവരെ സ്ക്കൂൾ വണ്ടി അവനെ അവിടെ പോയി എടുക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചു…..
പക്ഷേ പിറ്റേ കൊല്ലം അവർ റ്റീ സി വാങ്ങാൻ തയ്യാറായില്ല….ഞാൻ സ്ക്കൂൾ വാഹനം അങ്ങോട്ട് വിടാനും തയ്യാറായില്ല…..
ഒരു പരാതിയും പറയാതെ അവൻറെ അമ്മ രാവിലെ ലൈൻ ബസിൽ അവനെ കൊണ്ടുവിട്ടു, വൈകിട്ട് തിരികെ കൊണ്ടുപോയി…..
ഇടയ്ക്കൊക്കെ അമ്മയ്ക്ക് അസൗകര്യമുള്ളപ്പോൾ ഞാനവനെ ബൈക്കിൻറെ പിറകിലിരുത്തി വീട്ടിൽ കൊണ്ടുചെന്ന് ആക്കാറുമുണ്ട്…..
മൂന്നാം ക്ലാസ് ആയപ്പോ സജിത്ത് തനിയെ ബസിൽ കയറി വരാൻ തുടങ്ങി…
ചിലപ്പോ (എന്നല്ല മിക്കപ്പോഴും) ബസ് കിട്ടിയില്ലെങ്കിൽ കക്ഷി മൂന്ന് കിലോമീറ്റർ നടന്നും ഓടിയും സ്ക്കൂളിലെത്തും…..
മൂന്നാം ക്ലാസുകാരനാണെങ്കിലും എപ്പോഴും നാലാം ക്ലാസുകാരോടാണ് കക്ഷിയുടെ കൂട്ട്…
സ്ക്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നത് നോമിനേഷനും പ്രസംഗവും നോട്ടീസും പോസ്റ്ററും ബാലറ്റും ഒക്കെയായി പൂർണ ജനാധിപത്യ രീതിയിലായിരുന്നു….
തിരഞ്ഞെടുപ്പുത്സവം എന്നായിരുന്നു പേര്തന്നെ…
സജിത്തും മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്നു……
വാർഷീക പരീക്ഷ കഴിഞ്ഞപ്പോൾ സജിത്തിൻറെ വീട്ടുകാർക്ക് ഹൈറേഞ്ചിലേക്ക് താമസം മാറ്റേണ്ടി വന്നു…..
റ്റി.സി വാങ്ങി ചേർത്തത് ഒരു ഹൈസ്ക്കൂളിലാണ്……
പക്ഷേ അവിടെ സജിത്ത് പ്രശ്നക്കാരനായി…..മിക്കപ്പോഴും മൗനിയായിരിക്കുക ചിലപ്പോൾ അക്രമാസക്തനാവുക……
പുസ്തകം കൈകൊണ്ട് തോടാതെയായി…. വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായില്ല….
സജിത്തിൻറെ അടുത്തവീട്ടിലെ ഡോക്റ്ററാണ് വീട്ടുകാരോട് പറഞ്ഞത്
അവന്  ആ സ്ക്കൂള് മാറിയത് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാവില്ല….
ആ ഡോക്റ്ററാണ് ആദ്യം എന്നെവിളിച്ചത്
സജിത്തിനെ കാര്യം പറഞ്ഞ് മനസിലാക്കാൻ പറഞ്ഞ്…..
പിന്നീട് ഒരു മാസത്തോളം ഞങ്ങൾ നിത്യേന സംസാരിക്കുമായിരുന്നു……
ഇപ്പോഴും വല്ലപ്പോഴും വിളിക്കും….
അവൻറെ അമ്മ പറഞ്ഞത് അവൻ ആ സ്ക്കൂളിലെ ഹീറോ ആണെന്നാണ്…..
ഇപ്പോ ഏത് ക്ലാസിലാണോ ആവോ…..

ആക്രമിക്കുന്നതുകൊണ്ടു മാത്രമല്ല ക്ഷമിക്കുന്നതുകൊണ്ടുകൂടിയാണ് സിംഹങ്ങൾ രാജാവിയിരിക്കുന്നത്….
യഥാസ്തിതിക അധ്യാപക സങ്കൽപ്പങ്ങളെ തരിമ്പും വകവയ്ക്കാത്ത ആളായിരുന്നു ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഗംഗാധരൻ സാർ…..
കുട്ടികൾ സമരം പ്രഖ്യാപിച്ചാൽ ബല്ലടിച്ച് ക്ലാസ് വിടുക എന്നതാണ് സാധാരണ നടപടിക്രമം…..
ഒരിക്കൽ രണ്ടുയൂണിയനുകളും മത്സരിച്ച് സമരം ചെയ്തു…..കുറച്ചു ദിവസമായി ക്ലാസ് നടന്നിട്ട്…..
ഗംഗാധരൻ സാർ  നേതാക്കളെ ഓഫീസിലേക്ക് വിളിപ്പിച്ചു….. കാര്യം പറഞ്ഞു മനസിലാക്കി…നാളെമുതൽ ക്ലാസുകൾ നടത്താം എന്ന് നേതാക്കൾ സമ്മതിച്ചു….
നേതാക്കളുടെ നിർദ്ദേശം അണികൾ അംഗീകരിക്കാഞ്ഞോ,…സ്ക്കൂളിന് പുറത്തുള്ള നേതാക്കൾ അംഗീകരിക്കാഞ്ഞോ എന്തോ….പിറ്റേന്നും സമരമുണ്ടായി… ഹെഡ്മാസ്റ്റർ മുറ്റത്തേക്കിറങ്ങിയാൽ സമരക്കാർ ഓടി ക്ലാസിൽ കയറും,സമരം പൊളിയും എന്നറിയാവുന്ന സമരക്കാർ ഗെയ്റ്റ് പൂട്ടിയുള്ള സമരമാണ് തീരുമാനിച്ചത്……
എവിടെയൊക്കെയോ കറങ്ങിതിരിഞ്ഞ് (മിക്കവാറും ബാറിലായിരിക്കും.. അരനൂറ്റാണ്ട് മുമ്പ് ബാറിൽ അക്കൗണ്ട് ഉണ്ടായിരുന്ന ആളാണ്) ഗംഗാധരൻ സാർ സ്ക്കൂളിലെത്തുമ്പോ പത്തരമണി…….
ഒറ്റവിദ്യാർഥിക്കോ അധ്യാപകർക്കോ സ്ക്കൂളിൽ കയറാൻ കഴിഞ്ഞിട്ടില്ല…എല്ലാവരും റേഡരുകിൽ ചുറ്റിപ്പറ്റി നിൽക്കുന്നു…..
ഹെഡ്മാസ്റ്ററെ കണ്ടിട്ടോ, ഗെയ്റ്റിൽ അസഹ്യമായ വെയിലായിട്ടോ ഗെയ്റ്റിന്  കാവലിരുന്ന സമരക്കാർ മുങ്ങി……
സാറ് നേരേ ഗെയ്റ്റിനടുത്തേക്കു വന്നു….ചങ്ങലയിട്ട് പൂട്ടിയത് കണ്ടു…..
ആരടാ ഇത് പൂട്ടിയത് എന്നരെരലർച്ചയാണ്…..
ഒരുത്തനും മുന്നോട്ട് വന്നില്ല…..
ചങ്ങല തല്ലിക്കളയാൻ പ്യൂൺ അപ്പോഴേക്കും ചുറ്റികയുമായി വന്നു….. സാറ് അയാളെ വിരട്ടി……
ഇത് പൂട്ടിയവർ എൻറെ മുമ്പിൽ വരാതെ തുറക്കാൻ പാടില്ലെന്നായി സാറ്….
സാറ് നിശ്ശബ്ദമായി ഗെയ്റ്റിൻറെ മുമ്പിൽ വെറും നിലത്ത് ചമ്രം പടിഞ്ഞ് ഇരുന്നു…..ബാഗിൽ നിന്ന് കനത്ത ഒരു പുസ്തകമെടുത്ത് ശാന്തനായി വായന തുടങ്ങി……
കൊടും വെയിലാണ്…സാറാണെങ്കിൽ രോഗിയും…..
സമയം കഴിയുന്തോറും വാർത്ത പരന്നു…..നാട്ടുകാർ കൂടി….
എല്ലാവർക്കും ടെൻഷൻ….
സമാധാനിപ്പിക്കായി സാറിൻറെ അടുത്തുപോകാൻ ആർക്കും ധൈര്യമില്ല….ചെവിക്കുറ്റിക്ക് അടി ഉറപ്പാണ്…..
ഇടയ്ക്ക് വെള്ളം കെടുക്കാൻ ചെന്നവനെ സാറ് പായിച്ചു….
സാറെങ്ങാൻ മയങ്ങി വീഴുമോ എന്ന് സകലർക്കും ഭയം….
കുട്ടികളും അധ്യാപകരും നാട്ടുകാരും ആകെ പ്രതിസന്ധിയിലായി….
പൂട്ടിയ മിടുക്കന്മാർ കരയാൻ തുടങ്ങി…
പൂട്ടിയ താക്കോൽ കുട്ടികൾ എറിഞ്ഞു കളയുകയും ചെയ്തു…..
ഒടുവിൽ കരിയിലകൾക്കിടയിൽ നിന്ന് താക്കോൽ തപ്പിയെടുത്തു…. 
എറ്റവും ആത്മബന്ധമുള്ള ഒരധ്യാപകൻ ധൈര്യപൂർവം സാറിനോട് പറഞ്ഞു…
നമ്മടെ പിള്ളേരല്ലേ സാറേ അബദ്ധം പറ്റിപ്പോയി …എല്ലാവരും കരയുകയാണ്….അവർക്ക് മുമ്പിൽ വരാൻ പേടിയാണ്…സാറ് സമരം നിറുത്തണം….
സമരക്കാർ എല്ലവരും സാറിൻറെ മുമ്പിൽ നിരന്നു…..
എല്ലവരുടേയും ചെവിക്ക് പിടിച്ച് കറക്കി സാറ് പറഞ്ഞു
ക്ലാസീ ക്കേറി ഇരിക്കടാ…… വൈകിട്ട് ഫുട്ബോൾ കളിക്കാൻ എല്ലാവരും വരണം ഞാനുമുണ്ടാകും…….

Wednesday, May 15, 2013

          


          പാഠം ഒന്ന് സ്ത്രീസൗഹൃദം

ഞാനവളെ സിന്ധു എന്ന് നിങ്ങൾക്ക് പരിചയപ്പടുത്താം….
ഇതൊരു സംഭവ കഥയാണെന്നും ഇത് യഥാർഥ പേരല്ലെന്നും നിങ്ങൾ ഇതിനകം ഊഹിച്ചുകാണുമല്ലോ…….
പതിഞ്ചുകൊല്ലം മുമ്പാണ് സംഭവം….
അടച്ചുപൂട്ടാൻ തയ്യാറായിരിക്കുന്ന ഒരു സ്ക്കൂളിൽ പ്രധാന അധ്യാപകനായി ചുമതല ഏൽക്കേണ്ടിവരുന്നു…..
സംഗതി ശ്ലോകത്തിൽ പറയാം…..എൻറെ സംഘാടനാമികവും നാട്ടുകാരുടെ സഹകരണവുംമൂലം സ്ക്കൂളിൽ കുട്ടികളുടെ എണ്ണം വളരെ വർധിച്ചു…..
പലരും ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പതിഞ്ച് കൊല്ലം മുമ്പ് ഞങ്ങൾ അവിടെ നടപ്പാക്കിയിരുന്നു…….
അക്കാലത്താണ് സിന്ധു അവളുടെ കുട്ടിയെ അവിടെ ചേർക്കുന്നത്….
സ്ന്ധു, സുന്ദരിയായ യുവതി…. അവളുടെ മോള് ഒരു സുന്ദരിക്കുട്ട‌ി.…
അമ്മയേയും മകളേയും കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു…..
കുട്ടിത്തം മാറാത്ത അമ്മയും കുസൃതിയുടെ പര്യായമായ മകളും എനിക്കങ്ങിനെയാണ് തോന്നിയത്……
പുരുഷന്മാർ ജോലിക്കുപോകുകയും മക്കളുടെ വിദ്യാഭ്യാസം പോലുള്ള “ചെറിയ” കാര്യങ്ങൾ അമ്മമാരുടെ ഉത്തരവാദിത്വ മാകുകയും ചെയ്യുന്ന സാഹചര്യമാണ് അന്നാട്ടിൽ നിലവിലുള്ളത്….
മിക്കവാറും അമ്മമാരുമായി (തീർച്ചയായും അച്ഛൻമാരുമായും) എനിക്ക് വ്യക്തി ബന്ധം ഉണ്ടായിരുന്നു….പല അവസരത്തിലും അവരുടെ കുടുംബപ്രശ്നങ്ങളിൽ ഒരു കൗൺസിലറുടെ റോളും ഞാൻ നിർവഹിച്ചിട്ടുണ്ട്…
ഇനി ഞാനൊരു രഹസ്യം പറയാം…. കുട്ടികളോട് നന്നായി ഇടപെടുന്ന ജനാധിപത്യബോധമുള്ള ഓരധ്യാപകനോട് കുട്ടികൾ വീട്ടിലെ സകല രഹസ്യങ്ങളും പങ്കുവയ്ക്കും….ഈ പങ്കു വയ്ക്കൽ കൗൺസിലിംഗിന് എന്നെ സഹായിച്ചിട്ടുമുണ്ട്…
സ്വാഭാവികമായും എല്ലാ അമ്മമാരും തന്നെ എന്നെ അവരുടെ മുതിർന്നസഹോദരനോ വിശ്വസിക്കാവുന്ന സുഹൃത്തോ ഒക്കെയായി കണ്ടിരുന്നു….
സിന്ധുവും അങ്ങനെ തന്നെയായിരുന്നു..പക്ഷേ ഇടയ്ക്കെപ്പോഴേ സിന്ധുവിൻറെ പെരുമാറ്റത്തിൽ എനിക്ക് എന്തോ വ്യത്യാസം തോന്നിത്തുടങ്ങി….
 
ഒരു ഒളിവും മറയുമില്ലാതെ സംസാരിക്കുക…വീട്ടിലെ കിടപ്പറ രഹസ്യങ്ങൾ പങ്കുവയ്ക്കുക.എൻറെ ശരീരത്തിൽ മുട്ടിയും പിടിച്ചും സംസാരിക്കുക..സംസാരിക്കുന്നതിനിടയിൽ മാറിൽ നിന്ന് സാരിത്തലപ്പ് ഊർന്നുവീഴുന്നത് ശ്രദ്ധിക്കാതിരിക്കുക……അങ്ങനെ പലതും….
യൗവനത്തിൻറെ മദ്ധ്യം പിന്നിട്ടിട്ടില്ലാത്ത സാധുവായ ഞാൻ കൺഫ്യൂഷനിലാവാൻ ഇനിയെന്തുവേണം…..
എന്താണ് സിന്ധു ഉദ്ദേശിക്കുന്നതെന്ന എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല…..തീർച്ചയായും അവളുടെ ചെയ്തികളിൽ ഒരു പ്രണയത്തിനുള്ള ക്ഷണമുണ്ട്…….ഒരു പക്ഷേ സെക്സിനു തന്നെയും
അമ്മായി അമ്മ പോരിൻറെ കാര്യം പറഞ്ഞ് പറഞ്ഞ് എൻറ മുമ്പിലിരുന്ന് പൊട്ടിക്കരയുന്ന അവളെ കാണുമ്പോൾ എനിക്കുതോന്നും ഒരു ജ്യേഷ്ടനെയാണ് അവൾ എന്നിൽ കാണുന്നതെന്ന്….എന്നാൽ സഹോദരനോട് പറയാൻ പറ്റുന്ന കാര്യങ്ങളല്ല എന്നോട് പലപ്പോഴും അവൾ പറയാറുള്ളത്….
അമ്മയോട് എതിർത്ത് പറയാൻ കഴിയാത്ത ഭർത്താവിനോടവൾക്ക് ദേഷ്യമുണ്ട്…..രാത്രി അക്കാര്യം പറഞ്ഞ് അവളെ ചേർത്തുപിടിച്ച് വിതുമ്പി കരയുന്ന ഭർത്താവിനോട് സഹതാപവും ഉണ്ട്….
സിന്ധു പ്രീഡിഗ്രി ജയിച്ചതാണ്. അപ്പോഴേക്കും എട്ടാം ക്ലാസിൽ തോറ്റ മരം വെട്ടു തൊഴിലാളിയുമായി പ്രണയിച്ച് ഒളിച്ചോടി….
എന്തെങ്കിലും അവസരം കിട്ടിയാൽ സിന്ധു ഓടി സ്ക്കൂളിലെത്തും…..എൻറെ കൂടെ ചുറ്റി പറ്റിനിൽക്കും സ്ക്കൂളിലെ എന്തെങ്കിലും പണികളൊക്കെ ചെയ്യും
രണ്ടു ദിവസം സിന്ധുവിനെ കണ്ടില്ലെങ്കിൽ എനിക്ക് വെപ്രാളമായി….
ആ പ്രശ്നം അവൾക്കുമുണ്ടായിരുന്നു എന്നു തോന്നുന്നു, എന്തെങ്കിലും കാരണമുണ്ടാക്കി അവൾ സ്ക്കൂളിൽ വരും….
ഞങ്ങൾ രണ്ടുപേരേക്കുറിച്ചും സമൂഹത്തിന് നല്ല മതിപ്പുണ്ടായിരുന്നതുകൊണ്ടും, രക്ഷകർത്താക്കൾ സദാസമയം കയറിയിറങ്ങി പോകുന്ന സ്ക്കൂളായതുകൊണ്ടുമായിരിക്കണം നാട്ടുകാർക്ക് ഇക്കാര്യം ഒരു സംഭാഷണവിഷയമായില്ല പക്ഷേ സിന്ധുവിൻറെ ഭർത്താവിന് ഇത് പ്രശ്നമായി……പലപ്പോഴും അയാളുടെ വാക്കുകൾ ധിക്കരിച്ച് അവൾ സ്ക്കൂളിൽ വരുന്നത് അയാളിൽ സംശയം ജനിപ്പിച്ചു‌…..സത്യത്തിൽ അയാളും വലിയ ധർമ്മ സങ്കടത്തിലായിരുന്നു സിന്ധുവിൻറെ സ്നേഹത്തെ സംശയിക്കത്തക്ക ഒന്നും അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല….എന്നാൽ എന്നോടുള്ള ബന്ധം ഒരു അധ്യാപകനോടുള്ള ബന്ധത്തിനപ്പുറത്തുള്ളതാണെന്ന് അയാൾക്ക് മനസിലായിരുന്നു….
നിങ്ങൾക്കറിയാമോ എന്നറിയില്ല സുന്ദരിയായ ഒരു യുവതിക്ക് തന്നോടുള്ള വികാരം തിരിച്ചറിയാൻ കഴിയാത്ത ധർമ്മസങ്കടം വളരെ വലുതാണ്….
അവളെ ഒരു കാമുകിയായി കരുതാനാണ് എനിക്കിഷ്ടം എന്നത് സത്യമാണ്….അത്രയും നല്ല ഒരു പെണ്ണിനെ കാമുകിയാക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്…
അവളുടെ മനോഭാവം മനസിലാക്കാനായി ഞാൻ നേരത്തേ കരുതിവച്ച ചില വാചകങ്ങളൊക്കെ സാന്ദർഭികമായി അവളോട് പറഞ്ഞുനോക്കി…
അതൊക്കെ അവൾ പോ സാറേ എന്നോ, സാറെന്നാ വർത്താനാ ഈ പറേണേ എന്നൊക്കെയോ  പറഞ്ഞ് നിസാരമായി മറികടന്നു കളഞ്ഞു….
സൗന്ദര്യം,പ്രണയം,സെക്സ്,എൻറെ ഔദ്യോഗിക പദവി ,അവളുടെ മനോഭാവത്തേക്കുറിച്ചുള്ള ഭയം……..എല്ലാം കൂടി ഞാൻ പ്രതിസന്ധിയിലായി……
ആയിടയ്ക്കാണ് സ്ക്കൂളിനടുത്തുള്ള ഒരു ചെറുകനാലിൻറെ ഉത്ഭവംതേടി തിരഞ്ഞെടുത്ത കുട്ടികളുമായി ഞങ്ങൾ അണക്കെട്ടിലേക്ക് ഒരു പഠനയാത്ര നടത്തിയത്
സിന്ധു ചാടിക്കേറി യാത്രക്ക് വരാൻ തയ്യാറായി എന്ന് പറയേണ്ടതില്ലല്ലോ…
ഞാനും കുട്ടികളും കയറിക്കഴിഞ്ഞപ്പോൾ കക്ഷിക്ക് കയറാൻ സ്ഥലമില്ല……
ജീപ്പിൻറെ പിറകിലിരിക്കുന്ന എന്നെ ബലമായി പിടിച്ച് തള്ളിക്കൊണ്ട് അവൾ പറഞ്ഞു…
സാറൊന്ന് നീങ്ങിയിരുന്നേ….ഞാൻ ഇവിടെ ഇരുന്നോളാം….
പകുതി എൻറെ തുടയിലും പകുതി സീറ്റിലുമായി ഞെങ്ങി ഞെരുങ്ങിയിരുന്ന് അവൾ വിളിച്ചുപറഞ്ഞു…..
ങാ….വണ്ടിപോട്ടെ…..
എൻറെ മാറിൽ പുറം ചാരിയാണ് അവളിരിക്കുന്നത്…കാച്ചെണ്ണയുടെ ഗന്ധം എൻറെ ഉള്ളിൽ നിറയുകയാണ്….
കുണ്ടും കുഴിയും നിറഞ്ഞ കനാൽ റോഡിലൂടെയാണ് ജീപ്പിൻറെ യാത്ര…..എന്നോട് അവൾ കൂടുതൽ കൂടുതൽ ചേർന്നുകൊണ്ടിരുന്നു….. അവളെക്കുറിച്ചുള്ള എൻറെ പ്രതിസന്ധി അവസാനിക്കുകയാണ്……..
ഇതിനപ്പുറം ഒരു സ്ത്രീക്ക് പുരുഷനെ ക്ഷണിക്കാനാവുകയില്ല…..
എന്നിൽ വസന്തം ആരംഭിക്കുകയാണ്…രോമകൂപങ്ങളിൽ പൂക്കൾ വിടരാൻ തുടങ്ങുന്നു…..
എൻറെ നിശ്വാസത്തിൽ രതിഗന്ധം പടരുന്നു………
പെട്ടെന്നവൾ എൻറെ നേരേ തിരിഞ്ഞ് ചെവിയിൽ ചോദിച്ചു
സാറിന് വല്ലോം തോന്നുന്നുണ്ടോ……..
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല….പക്ഷേ രക്തം ഇരച്ചുകയറിയ മുഖവും വിറയാർന്ന ചുണ്ടുകളും അവളോട് മറുപടി പറഞ്ഞിരിക്കണം………
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു…..
ഒന്നും തോന്നാൻ പാടില്ല……..തോന്നിയാൽ നമ്മൾ തമ്മിലുള്ള ബന്ധം അതോടെ തീരും………
ഒരുനിമിഷം കൊണ്ട് എന്നിലെ വസന്തം കെട്ടുപോയി……..
മരത്തിൽ നിന്നുവേർപെട്ട ഇലപോലെ ഞാൻ വാടിപ്പോയി……..
പൊതുസഭയിൽ നാണം കെട്ടവനെപ്പോലെ എൻറെ തല കുനിഞ്ഞു…….
കനത്തമൗനത്തിൻറെ ഒരു ഇടവേള…..
നിരാശയും കുറ്റബോധവും എനിക്കുചുറ്റം തളം കെട്ടികിടന്നു…..
എന്നിലെ ഭാവമാറ്റം അവളെ സങ്കടപ്പെടുത്തിയെന്ന് തോന്നുന്നു….
വേദനയുടെ വിതുമ്പലോടെ അവൾ ചോദിച്ചു…..
സാറിനെന്നെ ഒരാണായിട്ട് കണ്ടുകൂടെ…..
എനിക്കത് മനസിലായില്ല……
.ങേ….എന്തോന്ന്….
അവൾ സാവധാനം പറഞ്ഞു…..
സാറിന് എന്നെ ഒരു ആണിനെപ്പോലെ കാണാൻ പാടില്ലേ…..ഞാൻ സാറിൻറെ അടുത്തുവരുമ്പോ സാറ് ഒരു പെണ്ണാണെന്നാണ് ഞാൻ വിചാരിക്കാറ്…….
ആ നിമിഷം എൻറെ തലച്ചോറിൽ വെളിച്ചം തെളിഞ്ഞു…….
എൻറെ എല്ലാ സംശയങ്ങൾക്കും പരിഹാരവുമായി…..
അപ്പോൾ ഒരാലിംഗനം പോലും എന്നിൽ ലൈംഗികത ഉണർത്തില്ല എന്ന് എനിക്കുറപ്പായിരുന്നു…..
പിന്നീടൊരിക്കലും അവളോടുള്ള സംസാരത്തിലോ സ്പർശനത്തിലോ എനിക്ക് മാനസിക സമ്മർദവുമുണ്ടായിട്ടില്ല……
ഞാനവിടെനിന്ന് പോരുന്നതുവരെ ഞങ്ങൾ ആത്മാർഥ സുഹൃത്തുക്കളായി കഴിഞ്ഞു…..
സെക്സിൻറെ ചിന്തയില്ലാതെ എങ്ങനെ സ്ത്രീ സുഹൃത്തുക്കളോട് ഇടപെടാം എന്ന് വളരെ ലളിതമായി പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള ആ സ്ത്രീയാണ് എന്നെ പഠിപ്പിച്ചത്……
ഞാനിതുവരെ പഠിച്ച വലിയ പാഠങ്ങളിൽ ഒന്ന് അതായിരുന്നു…….



Monday, September 17, 2012

സാറേ ഇവരെന്നെ കുത്തിവക്കാൻ നോക്ക്വാ…..
ഏതാണ്ട് ഇരുപത് അതോ.. ഇരുപത്തിഅഞ്ചോ….ങാ.. എത്രയെങ്കിലുമാകട്ടെ    അത്രയും കൊല്ലം മുംപ് നടന്നസംഭവമാണ്..
രാത്രി പത്തുമണി ആയിക്കാണും . പടിക്കൽ ഒരു കാർ വന്നു നിൽക്കുന്നു…അക്കാലത്ത് രാത്രി പടിക്കൽ കാറ് വന്നു നിന്നാൽ ഒരു കാര്യമേ ഉള്ളൂ…
വേണ്ടപ്പെട്ടവരുടെ  മരണം…..
ഓടിപ്പോയി വാതിൽ തുറന്നു…..പുറത്ത് സ്ക്കൂളിലെ പിറ്റിഎ പ്രസിഡൻറും ഒന്നാം ക്ലാസിലെ ജിൻസിയുടെ പപ്പയും……
ദൈവമേ !!! കൊച്ചിന് എന്തെങ്കിലും പറ്റിയോ…
.എന്നാലും രാത്രിയിൽ ഇവർ എന്നെ തേടി വരേണ്ടകാര്യമില്ലല്ലോ……
ജിൻസിക്ക് പനി ആണെന്ന് ഞാൻ മനസിലാക്കിയിരുന്നു രാവിലെ അവളെ ക്ലാസിൽ കാണാഞ്ഞ് ഞാൻ വീട്ടിലേക്ക് വിളിച്ചതാണ്……
സാറേ സാറ് എന്നെ ഒന്ന് സഹായിക്കണം
മുഖവുരഒന്നും ഇല്ലാതെ ജിൻസിയുടെ പപ്പ പറഞ്ഞു
ഞാൻ പറഞ്ഞു
എന്തായാലും അകത്തേക്ക് കയറി ഇരിക്കാം എന്നിട്ട് പറയാം
സാറേ അതിനൊന്നും സമയമില്ല….സാറ് വേഗം വരണം…
എനിക്ക് കാര്യത്തെപ്പറ്റി ഏകദേശധാരണ കിട്ടി…
.ജിൻസിയുടെ പപ്പ വലിയ ധനികനും നാട്ടിലെ ജന്മിയുമാണ്….ചെറിയ തരികിട പരിപാടിയൊക്കെ കൈയ്യിലുണ്ട് -പൊടി ഗുണ്ടായിസം- കക്ഷി എന്തോ കേസിൽ പെട്ടിരിക്കുന്നു…എൻറെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് അക്കാര്യത്തിൽ ഇടപെടുത്താനായിരിക്കണം ഈ രാത്രി ഇത്രയും ദൂരം വന്നത് ..സ്ക്കൂളും വീടുമായി ഏതാണ്ട് ഇരുപത്തഞ്ച് കിലോ മീറ്റർ ദൂരമുണ്ട്…..ഞാനാലോചിച്ചു ..പ്രശ്നമാണ്….രാത്രി എൻറെ നാട്ടിലെ എസ് ഐ യെ വിളിക്കണം അല്ലെങ്കിൽ പോയികാണണം…അയാളെക്കൊണ്ട് കോതമംഗലം എസ് ഐ യെ വിളിപ്പിക്കണം…..രാത്രി കോതമംഗലം പോകണം …ഈ ജേക്കബ് എന്ത് കെണിയാണ് ഒപ്പിച്ചിരിക്കുന്നത് എന്ന് പറയാൻ പറ്റില്ല…മിക്കവാറും തല്ല് കേസായിരിക്കും…..ആകെ പ്രശ്നമാണ്…..
ഞാൻ പറഞ്ഞു
എൻറെ ജേക്കബേ…..ഈ രാത്രി ഒന്നും നടക്കില്ല താൻ രാവിലെ വാ
ഇതുകേട്ട് ജേക്കബ് പറഞ്ഞു
സാറെ അതുപോരാ..സാറ് രാത്രി ഇപ്പോതന്നെ വന്നം…..(വരണം)
അപ്പോഴാണ് ശശി സംസാരിച്ച് തുടങ്ങിയത്.
സാറേ ജിൻസി ആശുപത്രിയിലാണ് കുത്തിവപ്പ് എടുക്കണം…ആര് പറഞ്ഞിട്ടും അവള് സമ്മതിക്കുന്നില്ല….ഷേർലി പറഞ്ഞു ചെലപ്പോ സാറ് പറഞ്ഞാ അവള് സമ്മതിക്കൂന്ന്    അതാ ഞങ്ങള്……..
ദൈ വമേ……ഇതാണോ കാര്യം…..വെറുതേ ടെൻഷൻ പിടിപ്പിച്ചല്ലോ എൻറെ ജേക്കബേ….
സാറേ സാറ് വേഗം വരണം എൻറെ കൊച്ചിൻറെ കാര്യാ…
ഇക്കാര്യത്തിൽ ഓപ് ഷൻ ഇല്ലല്ലോ….ഞാൻ വേഗം വീട്ടിനകത്തുകയറി ഭാര്യയോട് കാര്യം ചുരുക്കത്തിൽ കാര്യം പറഞ്ഞ് ഡ്രസ് മാറി കാറിൽ കയറി…..
യാത്രക്കിടയിൽ ജേക്കബ് കാര്യം പറഞ്ഞു
അവൾക്ക് കടുത്ത പനി.. ഡോക്റ്റർ ഇൻജക്ഷൻ കൊടുക്കണം എന്ന് പറഞ്ഞു ..അവൾക്ക് കുത്തിവയ്പ്പ് പണ്ടേ പേടിയാ …കൊച്ച് കുത്തിവയ്പ്പ് എടുക്കാൻ സമ്മതിക്കുന്നില്ല…..
ശശി ബാക്കി പറഞ്ഞു
വല്യപ്പനോം വല്യാമ്മേയം  ഒക്കെ കൊണ്ടുവന്നു നേക്കി …കൊച്ച് സമ്മതിക്കുന്നില്ല…
ജേക്കബ് പറഞ്ഞു
സാറേ ഞാൻ അവളെ കൂട്ടിപ്പിടിച്ച് കുത്തിവയ്പ്പ് എടുപ്പിക്കാൻ നോക്കി …ബലം പിടിക്കുംപോൾ മോള് കരയും ഉറക്കെകരയുംപോ ശ്വാസം മുട്ടല് വരും അത് പ്രശ്നാണ് ….സാറ് അവളെ പറഞ്ഞ് മനസിലാക്കണം
നടന്നത് തന്നെ-   ഒന്നാം ക്ലാസിലെ കൊച്ചിനെ പറഞ്ഞ് മനസിലാക്കണമെന്ന്-
ഞാൻ പറഞ്ഞു
എൻറെ ജേക്കബേ…ഞാൻ പറഞ്ഞാലൊന്നും അവള് കേക്കില്ല….നിങ്ങളെല്ലാരും പറഞ്ഞിട്ട് നടക്കാത്തകാര്യം ഞാൻ പറഞ്ഞാൽ  എങ്ങിനെ നടക്കാനാ…
ശശി പറഞ്ഞു
സാറേ കൊച്ചിന് ഇൻജക് ഷൻ എടുക്കാണ്ട് പറ്റ്വോ…
ഹേയ് …..ഇൻജക് ഷൻ എടുക്കണം
വണ്ടി ഓടിക്കൊണ്ടിരുന്നു
ഞാൻ ജിൻസിയെ ഓർക്കുകയായിരുന്നു….
സുന്ദരിക്കുട്ടി കുസൃതി ക്കുടുക്ക എന്നൊക്കെ അവളെപ്പറ്റി പറയാം
സാറിന് പെൺമക്കളില്ലാത്തതുകൊണ്ട് പെൺപിള്ളേരോട് കൊറച്ച് ഇഷ്ടം കൂടുതലുണ്ടെന്ന് ആൺകുട്ടികളുടെ അമ്മമാർ പരാതി പോലെ പറയുന്ന കാലം…
ജിൻസി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടകുട്ടിയാണോ എന്ന് എനിക്കറിയില്ല..പക്ഷേ അവൾ എന്നോട് പ്രത്യേക സ്വാതന്ത്ര്യം എടുത്തിരുന്നു
അവളുടെ ആ സ്വാതന്ത്ര്യം മറ്റുള്ളകുട്ടികളും അംഗീകരിച്ചിരുന്നു എന്ന് തോന്നുന്നു…..
സ്വാതന്ത്ര്യം എന്നു വച്ചാൽ മടിയിൽ കയറി ഇരിക്കുക പേഴ്സ് എടുക്കുക സ്വകാര്യം പറയുക(വീട്ടിൽ നടന്ന എന്തെങ്കിലും കാര്യമാണ് ഈ സ്വകാര്യം) തർക്കുത്തരം പറയുക ഇതൊക്കെയാണ്…
എന്നെ സംബന്ധിച്ച് ഇത് ഒരു അംഗീകാരവും വെല്ലുവിളിയും ആണ് എന്ന് എനിക്കറിയാമായിരുന്നു….
എന്ത് സൂത്രം പറഞ്ഞാണ് അവളെ സമ്മതിപ്പിക്കേണ്ടത് എന്നചിന്തയായിരുന്നു എനിക്ക് യാത്രയിൽ മുഴുവൻ…
ആശുപത്രിയിലെത്തി അവളുടെ മുറിയിൽ കയകയറുംപോഴും എങ്ങിനെ അവളെ സമ്മതിപ്പിക്കാം എന്നകാര്യത്തിൽ എനിക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.
ഞാൻ മുറിയിലെത്തുനംപോൾ അവിടെ ഒരു ജനക്കൂട്ടം തന്നെ ഉണ്ട്….
ജിൻസിയാണെങ്കിൽ സാമാന്യം നല്ല കരച്ചിലാണ്….
ഞാൻ വന്നാൽ കുട്ടി സമ്മതിക്കുമെന്ന വിചാരത്തിലാണോ അതോ സമ്മതിച്ചില്ലെങ്കിൽ ബലം പ്രയോഗിച്ച് കുത്തിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ എന്നറിയില്ല നേഴ് സ് മാർ കുത്തിവയ്ക്കാൻ തയ്യാറായാണ് നിന്നത്….
ഞാനപ്പോൾ ജിൻസിയുടെ മാനസീകാവസ്ഥയാണ് ഓർത്തത്…..അവളെ സംബന്ധിച്ച് ഏറ്റവും ഭയാനകമായ ഒരു സംഗതി നടക്കാൻ പോകുന്നു..എല്ലാവരുകൂടി അവളെ അതിന് നിർബന്ധിക്കുന്നു ..അവൾക്ക് ആകെ കഴിയുന്ന പ്രതിരോധം കരച്ചിൽ മാത്രമാണ്….
ആ രക്ഷിതാക്കൾക്ക് എന്നിലുള്ള വിശ്വാസവും എന്നെ സെൻറിമെൻറലാക്കി……
എന്നെകണ്ടതോടെ ജിൻസി അമ്മയുടെ കൈയ്യിൽ നിന്ന് എൻറെ നേരേചാടി
സാറേ ഇവരെന്നെ കുത്തിവയ്ക്കാൻ നോക്ക്വ …എന്നു പറഞ്ഞവൾ എൻറെ  നെഞ്ചിൽ പറ്റിച്ചേർന്നു….
ഞാനവളെക്കൊണ്ട് കട്ടിലിൽ ഇരുന്നു
എൻറെ കണ്ണ് നിറഞ്ഞുപോയി……
അവളുടെ തുടയിൽ തട്ടിക്കൊണ്ട് ഞാൻ പതിയെ വിളിച്ചു….മോളേ….
അവൾ പതിയെ തല ഉയർത്തി നോക്കിയിട്ട് എന്നോട് ചോദിച്ചു  ….സാറെന്തിനാ കരയണേ….
അവടെ ഉണ്ടായിരുന്ന നേഴ് സ് ചാടിപ്പറഞ്ഞു….മോള് കുത്തിവയ്പ്പിക്കാൻ സമ്മതിക്കാഞ്ഞിട്ടാ സാറ് കരേണേ…..
എന്നെ കുത്തിവയ്ക്കണ്ടാ….എന്നു പറഞ്ഞവൾ വീണ്ടും തോളിലേക്ക് ചാഞ്ഞു…
അവളുടെ  വാശിക്ക് കുറച്ച് കുറവുവന്നതു പോലെ എനിക്ക് തോന്നി……
ഞാനവളെ മുറുകെ പിടിച്ചു... പതിയെ അവളുടെ ചെവിയിൽ  പറഞ്ഞു…ഹേയ് മോള് കെടന്നോ….കുഴപ്പോന്നൂല്യ……എന്നിട്ട്.. .നേഴ്സിനേട് കണ്ണ് കാണിച്ചു…
ആ നേഴ് സിൻറ വേഗതയും കൃത്യതയും അത്ഭുതകരമായിരുന്നു…..
സെക്കൻറുകൊണ്ടവർ കുട്ടിയുടെ തുടയിൽ കുത്തിവയ്പ്പ് എടുത്തു.
സൂചി കയറിയപ്പോൾ അവളൊന്നു ഞെട്ടി…പക്ഷേ കരച്ചിലിന് വലിയ ശക്തി ഉണ്ടായില്ല……..
അഞ്ച് മിട്ടോളം കഴിഞ്ഞ് ഞാനിറങ്ങാറാകുംപോഴേക്കും അവൾ എൻറെ തോളത്തുകിടന്ന് ഉറങ്ങിക്കഴിഞ്ഞിരുന്നു…….
പിന്നെ ജേക്കബിൻറെ  നിർബന്ധിത സൽക്കാരവും കഴിഞ്ഞ് വീട്ടിലെത്തുംപോൾ സമയും രണ്ടര……..





Thursday, September 13, 2012


         മാഷിൻറെ അതേ മൂട
പത്തിരുപത്തഞ്ചുകൊല്ലം മുൻപുള്ള കഥയാണ്….കൊച്ചുകുട്ടികൾ ചെറിയ കാര്യങ്ങൾ പോലും എത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന് അന്നാണ് മനസിലായത്….
അങ്ങനെയൊരു തുടക്കം ഇട്ടത് ആരാണെന്ന് ഓർമ്മയില്ല..
ഒരു പക്ഷേ ജേക്കബ് മാഷ് ആയിരിക്കാനാണ് സാധ്യത…
ഒരു ദിവസം ഒന്നാം ക്ലാസിൽ ചെല്ലുംപോൾ എല്ലാവരുംകൂടി വിളിച്ചുപറയുന്നു.
.ഏ മാസ്റ്റ…..ജേക്കബ് മാസ്റ്ററിൻറെ ഗേൾഫ്രണ്ട് ആരാന്നറിയാമോ….
ജേക്കബ് മാഷിൻറെ ഗേൾ ഫ്രണ്ടോ? അത് ഈ കട്ടുറുംപുകൾ എങ്ങിനെ അറിഞ്ഞു…..
അപ്പോഴേക്കും എല്ലാവരുംകൂടി ഒരുത്തിയെ മുംപിലേക്ക് തള്ളിക്കയറ്റി നിറുത്തി
 ഫാത്തിമ……
.അവൾക്കാണെങ്കിൽ ഭയങ്കര നാണം…..
അപ്പോ ഇനി മാശ്റ്റർക്ക് ഗേൾഫ്രണ്ട് വേണ്ടേ…..മറ്റാർക്കും പറയാൻ ചാൻസ് കിട്ടുന്നതിന് മുംപ് സുഹ്റ ചാടിക്കേറിപ്പറഞ്ഞു…
അത് ഞാംമതി…..
അങ്ങിനെ സുഹ്റ എൻറെ ഗേൾഫ്രണ്ട് ആയി…
ഗേൾഫ്രണ്ടിന് എല്ലാവരും അംഗികരിച്ചുകൊടുത്തിട്ടുള്ള ചില അവകാശങ്ങളുണ്ട്   
അധ്യാപകൻ വെറുതേ ഇരിക്കുന്ന സമയമാണെങ്കിൽ അധ്യാപകൻറെ മടിയിൽ കയറി ആദ്യം ഇരിക്കാനുള്ള അവകാശമാണ് പ്രധാനം…മറ്റുള്ളവർ അവിടെ ഇരിക്കുന്നതിനെ ഗേൾഫ്രണ്ട് ചെറുക്കാൻ ശ്രമിക്കുമെങ്കിലും കുറച്ചുകഴിയുംപോഴേക്കും എല്ലാവരും മാഷിൻറെ മടിയിലും കസേരയിലും മേശപ്പുറത്തുമായി സ്ഥാനം പിടിച്ചിരിക്കും …
നീട്ടി വളർത്തിയ മുടിയും താടിയും തോൾസഞ്ചിയും ശാസ്ത്ര സാഹിത്യപരിഷത്തും അക്കാലത്ത് ബുദ്ധിജീവികളുടെ ട്രേഡ് മാർക്കായിരുന്നു…..
ഞാനും ഇവമൂന്നും കൊണ്ട് സൂത്രത്തിൽ ബുദ്ധി ജീവിയായി നടക്കുകയായിരുന്നു…
ഒരു ദിവസം ഞാനൊരു  ഗംഭീരമായ തീരുമാനമെടുത്തു..…
മുടിയും താടിയും വെട്ടിക്കളയാമെന്ന്…. 
ഒരു ഞായറാഴ്ച ആഘോഷമായി എല്ലാവരും കൂടെ ടൗണിൽ പോയി ആ മഹനീയ കൃത്യം നിർവഹിച്ചു……
തിരിച്ച്   മികച്ചും മര്യാദക്കാരനായി മാന്യനായി തിരിച്ചുവരുന്ന എന്നെ ഒരുത്തനും തിരിച്ചറിയുന്നില്ല…..
രാവിലെ സ്ക്കൂളിലെത്തിയപ്പോൾ ഹെഡ്മാസ്റ്റർ ഹനീഫ സാർ കഷ്ടിച്ചാണ് എന്നെ തിരിച്ചറിഞ്ഞത്..
അദ്ദേഹം പറഞ്ഞു നിൻറെ ഉള്ളിൽ ഇത്രയും വൃത്തിയുള്ള ഒരു മനുഷ്യൻ ഉണ്ടെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത് എന്ന്….
ക്ലാസിലേക്ക് പോകാൻ നേരം രമേശൻ എൻറെ ക്ലാസിൽ കയറി പറഞ്ഞിട്ടുപോയി 
ഇന്നുമുതൽ നിങ്ങൾക്ക് പുതിയ മാഷാണ്.. പേര് കുട്ടപ്പൻ  
ഞാൻ പതിവുപോലെ ക്ലാസിൽ കയറി….
കുട്ടികൾ തികഞ്ഞ അപരിചിതത്വത്തോടെ തന്നെ നമസ് തേ പറഞ്ഞു…
.ഞാൻ കസേരയിൽ ഇരുന്നു…..കുറച്ചുനേരം കുട്ടികൾ അപരിചിതത്വത്തിൽ തന്നെ തുടർന്നു….
അതിനിടയ്ക്ക് ചിലർ പുതിയ മാഷല്ലേ മാഷൻറെ പേരെന്താ െന്നോക്കെ ചോദിക്കാൻ തുടങ്ങി …അതിനിടയ്ക്ക് എൻറെ ഗേൾഫ്രണ്ട് സുഹ്റ ഇരുന്നുകൊണ്ട് തന്നെചേദിച്ചു 
മാഷ് ഞങ്ങടെ പഴയ മാഷല്ലേ….
അല്ല…..
പക്ഷേ അവൾ പറഞ്ഞു 
അതേ അതേ... ദേ മാഷിൻറെ അതേ ചെറുപ്പ് അതേ വാച്ച് അതേ മൂട(മുഖം)  മാഷ് പഴയ മാഷ് തന്നെ…….

Wednesday, September 12, 2012


      രാജലക്ഷ്മിയുടെ തോൽവി

പത്തിരുപത്തഞ്ചു കൊല്ലം മുൻപാണ് സംഭവം…ഞാൻ ആറാംക്ലാസിലെ ക്ലാസ് റ്റിച്ചർ ..ക്ലാസിൽ നാല്പ്പതോളം കുട്ടികൾ..രാജലക്ഷ്മി ഒരു സാധാരണ കുട്ടിയാണ്..അന്നത്തെ അധ്യാപകരുടെ ഭാഷയിൽ പറഞ്ഞാൽ ശരാശരിയിൽ താഴ്ന്ന നിലവാരമുള്ള കുട്ടി.എങ്കിലും കറുത്ത ഓമനത്തമുള്ള മുഖമുള്ള ആ കുട്ടി എൻറെ പ്രത്യക ശ്രദ്ധയിൽ എന്നും ഉണ്ടായിരുന്നു..ആളും ചെറുതാണ്…അവളുടെ അച്ഛന് ചായക്കടയാണ്..എന്നും ഞാനും എൻറെ സുഹൃത്ത് രാമചന്ദ്രൻ മാഷും ആകടയിൽനിന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറ്….അവളുടെ വീട് തന്നെയാണ് കടയും …അങ്ങിനെ ആ കുടുംബത്തിലെ എല്ലാവരേയും ഞങ്ങൾക്കറിയാം…
വാർഷിക പരീക്ഷ കഴിഞ്ഞു. അധ്യാപകർ റിസൽറ്റ് തയ്യാറാക്കുന്ന തിരക്കിലാണ്….എല്ലാം തയ്യാറാക്കി ഹെഡ്മാഷെ ഏൽപ്പിച്ചിട്ടുവേണം നാട്ടിലേക്ക് വണ്ടികയറാൻ……മാർക്ക് ലിസ്റ്റിനു വേണ്ടി ക്ലാസ് റ്റീച്ചർമാർ ക്ലാസിലെ മറ്റ് അധ്യാപകരെ ശല്യം ചെയ്തുകൊണ്ടിരിക്കുന്നു…ഞാൻ എൻറെ മറ്റുവിഷയങ്ങളുടെ ഉത്തരക്കടലാസ് നോക്കി അതാത് ക്ലാസ് റ്റീച്ചർമാർക്ക് മാർക്ക് ഷീറ്റ് കോടുത്തുകഴിഞ്ഞശേഷം എൻറെ ക്ലാസിലെ പ്രമോഷൻ ലിസ്റ്റ് (ജയിക്കുന്ന കുട്ടികളുടെ വിവരം)തയ്യാറാക്കാൻ തുടങ്ങി……
ക്ലാസിൽ അഞ്ചുകുട്ടികളേ തോൽക്കാൻ പാടുള്ളു(എണ്ണംകൃത്യമല്ല കെട്ടോ).സ്വാഭാവികമായും എറ്റവും മാർക്കുകുറഞ്ഞ അഞ്ചുപേരെ തോൽക്കാൻ അനുവദിച്ച് മറ്റുള്ളവരെ വിജയിപ്പിക്കുകയാണ്  പതിവ്….മാർക്ക് ഏറ്റവും കുറഞ്ഞ കുട്ടികളുടെ കണക്കെടുക്കുംപോൾ രാജലക്ഷ്മി ആറാമതാണ്…. സാധാരണഗതിയിൽ കൺഫ്യൂഷൻ ഉണ്ടാകേണ്ട ഒരു കാര്യവുമില്ല രാജലക്ഷ്മി ജയിക്കുകയും ബാക്കി അഞ്ചുപേർ തോൽക്കുകയും ചെയ്യണം…..പക്ഷേ ആ സമയത്ത് എനിക്ക് ഒരു കുനുഷ്ഠ് ചിന്ത ഉണ്ടാവുകയാണ്…രാജലക്ഷ്മിക്കുതാഴെയുള്ള അഞ്ചുപേരും അക്കാലത്തെ അധ്യാപകരുടെ ഭാഷയിൽ പറഞ്ഞാൽ വെറും കിഴങ്ങൻമാരാണ്..രണ്ടല്ല ഇരുപതുകൊല്ലം ആറാം ക്ലാസിൽ പഠിച്ചാലും അവർക്ക് ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. പക്ഷേ രാജലക്ഷ്മി ബുദ്ധിയുള്ള കുട്ടിയാണ് ഒരു വർഷം കൂടി അവൾ ആറാംക്ലാസിൽ പഠിച്ചാൽ അവൾക്ക് പ്രയോജനം കിട്ടിയേക്കും…കിട്ടിയേക്കും എന്നല്ല അവൾ വരും വർഷം ആ ക്ലാസിൽ നല്ല പെർഫോമൻസ് കാണിക്കാൻ സാധ്യതയുണ്ട്……..അങ്ങനെ രാജലക്ഷ്മിയെ തോൽപ്പിക്കാനും അവളെക്കാൾ ഏറെ മാർക്കുകുറഞ്ഞ മറ്റൊരാളെ  വിജയിപ്പിക്കാനും ഞാൻ തീരുമാനിച്ചു……..ആരീതിയിൽ പ്രമോഷൻ ലിസ്റ്റ് കൊടുത്ത് ഞാൻ നാട്ടിലേക്ക് വണ്ടി കയറി..അടുത്തവർഷം സ്ക്കൂൾ തുറന്നപ്പോൾ എനിക്ക് സ്ഥലം മാറ്റം ആയതിനാൽ ക്ലാസിൽ പോകേണ്ടി വന്നില്ല…ആക്ലാസ് രാമചന്ദ്രൻ മാസ്റ്ററാണ് എടുത്തത്……മൂന്ന നാല് മാസം കഴിഞ്ഞ് ഞാൻ രാമചന്ദ്രൻ മാസ്റ്ററെ കാണാൻ ചെല്ലുന്നു….പതിവുപോലെ  രാവിലെ രണ്ടുപേരും കൂടെ രാജലക്ഷ്മിയുടെ കടയിൽ കയറി ചായകുടിക്കാനിരുന്നു….രാജലക്ഷ്മിയുടെ അച്ഛൻ വിശേഷങ്ങൾ പറഞ്ഞെങ്കിലും എന്തോ ഒരു അകൽച്ചപോലെ…ഞാനത് ശ്രദ്ധിച്ചില്ല…ചായകുടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രാമചന്ദ്രൻ മാസ്റ്റർ ചോദിച്ചു ..താനെന്തിനാടോ…ആ കൊച്ചിനെ തോൽപ്പിച്ചത്….അവളെക്കാൾ മാർക്കുകുറഞ്ഞവരെ ജയിപ്പിച്ചിട്ട് മനപ്പൂർവം താൻ രാജലക്ഷ്മിയെ തോൽപ്പിച്ചതാണെന്നാണ് അവരുടെ ധാരണ….സത്യത്തിൽ താനെന്തിനാ അവളെ തോൽപ്പിച്ചത് ….അത്രയം നല്ലവണ്ണം പഠിക്കുന്ന കുട്ടി എങ്ങിനെയാടോ തോൽക്കുന്നത് ….ആക്ലാസിലെ ഏറ്റവും മിടുക്കിയായ കുട്ടിയാണവൾ ..ക്ലാസിലെ ലീഡറും അവളാണ്…..ഞാൻ ആഗ്രഹിച്ചതുപോലെ തന്നെയാണ് നടന്നത് എന്ന് എനിക്ക് മനസിലായി…..സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വലിയ മാറ്റമാണ് രാജലക്ഷ്മിയിൽ ഉണ്ടായത്….ഞാൻ രാജലക്ഷ്മിയുടെ രക്ഷിതാക്കളെ കണ്ട് കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു…എൻറെ സന്തോഷത്തിനുവേണ്ടി കാര്യം മനസിലായി എന്നവർ ഭാവിച്ചെങ്കിലും അവർ തൃപ്തരല്ല എന്ന് എനിക്കറിയാമായിരുന്നു…
പക്ഷേ പലവട്ടം നേരിൽ കണ്ടിട്ടും രാജലക്ഷ്മി എന്നോട് മിണ്ടാൻ തയ്യാറായില്ല….ഞാനെന്തോ ചോദിച്ചപ്പോൾ അവൾക്ക് കരച്ചിൽ വരികയും ചെയ്തു…..
എനിക്ക് ഇപ്പോഴും നിശ്ചയമില്ല ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്ന്…..
രാജലക്ഷ്മിയുടെ കരച്ചിൽ എന്നെ വിഷമത്തിലാക്കി ..എന്തായാലും പിന്നീടൊരിക്കലും ഞാൻ അത്തരം ഒരു തിരിമറി നടത്തിയിട്ടില്ല…..
സത്യത്തിൽ ഒരു ക്ലാസിലെ പരാജയം കുട്ടികളിൽ ഇത്രവലിയ വേദന ഉണ്ടാക്കുമെന്ന് അന്നാണ് ഞാൻ മനസിലാക്കിയത്…..