പാഠം ഒന്ന് സ്ത്രീസൗഹൃദം
ഞാനവളെ സിന്ധു
എന്ന് നിങ്ങൾക്ക് പരിചയപ്പടുത്താം….
ഇതൊരു സംഭവ
കഥയാണെന്നും ഇത് യഥാർഥ പേരല്ലെന്നും നിങ്ങൾ ഇതിനകം ഊഹിച്ചുകാണുമല്ലോ…….
പതിഞ്ചുകൊല്ലം
മുമ്പാണ് സംഭവം….
അടച്ചുപൂട്ടാൻ
തയ്യാറായിരിക്കുന്ന ഒരു സ്ക്കൂളിൽ പ്രധാന അധ്യാപകനായി ചുമതല ഏൽക്കേണ്ടിവരുന്നു…..
സംഗതി ശ്ലോകത്തിൽ
പറയാം…..എൻറെ സംഘാടനാമികവും നാട്ടുകാരുടെ സഹകരണവുംമൂലം സ്ക്കൂളിൽ കുട്ടികളുടെ എണ്ണം
വളരെ വർധിച്ചു…..
പലരും ഇന്ന്
ചെയ്യുന്ന കാര്യങ്ങൾ പതിഞ്ച് കൊല്ലം മുമ്പ് ഞങ്ങൾ അവിടെ നടപ്പാക്കിയിരുന്നു…….
അക്കാലത്താണ്
സിന്ധു അവളുടെ കുട്ടിയെ അവിടെ ചേർക്കുന്നത്….
സ്ന്ധു, സുന്ദരിയായ
യുവതി…. അവളുടെ മോള് ഒരു സുന്ദരിക്കുട്ടി.…
അമ്മയേയും
മകളേയും കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു…..
കുട്ടിത്തം
മാറാത്ത അമ്മയും കുസൃതിയുടെ പര്യായമായ മകളും എനിക്കങ്ങിനെയാണ് തോന്നിയത്……
പുരുഷന്മാർ
ജോലിക്കുപോകുകയും മക്കളുടെ വിദ്യാഭ്യാസം പോലുള്ള “ചെറിയ” കാര്യങ്ങൾ അമ്മമാരുടെ ഉത്തരവാദിത്വ
മാകുകയും ചെയ്യുന്ന സാഹചര്യമാണ് അന്നാട്ടിൽ നിലവിലുള്ളത്….
മിക്കവാറും
അമ്മമാരുമായി (തീർച്ചയായും അച്ഛൻമാരുമായും) എനിക്ക് വ്യക്തി ബന്ധം ഉണ്ടായിരുന്നു….പല
അവസരത്തിലും അവരുടെ കുടുംബപ്രശ്നങ്ങളിൽ ഒരു കൗൺസിലറുടെ റോളും ഞാൻ നിർവഹിച്ചിട്ടുണ്ട്…
ഇനി ഞാനൊരു
രഹസ്യം പറയാം…. കുട്ടികളോട് നന്നായി ഇടപെടുന്ന ജനാധിപത്യബോധമുള്ള ഓരധ്യാപകനോട് കുട്ടികൾ
വീട്ടിലെ സകല രഹസ്യങ്ങളും പങ്കുവയ്ക്കും….ഈ പങ്കു വയ്ക്കൽ കൗൺസിലിംഗിന് എന്നെ സഹായിച്ചിട്ടുമുണ്ട്…
സ്വാഭാവികമായും എല്ലാ അമ്മമാരും
തന്നെ എന്നെ അവരുടെ മുതിർന്നസഹോദരനോ വിശ്വസിക്കാവുന്ന
സുഹൃത്തോ ഒക്കെയായി കണ്ടിരുന്നു….
സിന്ധുവും
അങ്ങനെ തന്നെയായിരുന്നു..പക്ഷേ ഇടയ്ക്കെപ്പോഴേ സിന്ധുവിൻറെ പെരുമാറ്റത്തിൽ എനിക്ക്
എന്തോ വ്യത്യാസം തോന്നിത്തുടങ്ങി….
ഒരു ഒളിവും
മറയുമില്ലാതെ സംസാരിക്കുക…വീട്ടിലെ കിടപ്പറ രഹസ്യങ്ങൾ പങ്കുവയ്ക്കുക.എൻറെ ശരീരത്തിൽ
മുട്ടിയും പിടിച്ചും സംസാരിക്കുക..സംസാരിക്കുന്നതിനിടയിൽ മാറിൽ നിന്ന് സാരിത്തലപ്പ്
ഊർന്നുവീഴുന്നത് ശ്രദ്ധിക്കാതിരിക്കുക……അങ്ങനെ പലതും….
യൗവനത്തിൻറെ
മദ്ധ്യം പിന്നിട്ടിട്ടില്ലാത്ത സാധുവായ ഞാൻ കൺഫ്യൂഷനിലാവാൻ ഇനിയെന്തുവേണം…..
എന്താണ് സിന്ധു
ഉദ്ദേശിക്കുന്നതെന്ന എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല…..തീർച്ചയായും അവളുടെ
ചെയ്തികളിൽ ഒരു പ്രണയത്തിനുള്ള ക്ഷണമുണ്ട്…….ഒരു പക്ഷേ സെക്സിനു തന്നെയും
അമ്മായി അമ്മ
പോരിൻറെ കാര്യം പറഞ്ഞ് പറഞ്ഞ് എൻറ മുമ്പിലിരുന്ന് പൊട്ടിക്കരയുന്ന അവളെ കാണുമ്പോൾ എനിക്കുതോന്നും
ഒരു ജ്യേഷ്ടനെയാണ് അവൾ എന്നിൽ കാണുന്നതെന്ന്….എന്നാൽ സഹോദരനോട് പറയാൻ പറ്റുന്ന കാര്യങ്ങളല്ല
എന്നോട് പലപ്പോഴും അവൾ പറയാറുള്ളത്….
അമ്മയോട്
എതിർത്ത് പറയാൻ കഴിയാത്ത ഭർത്താവിനോടവൾക്ക് ദേഷ്യമുണ്ട്…..രാത്രി അക്കാര്യം പറഞ്ഞ്
അവളെ ചേർത്തുപിടിച്ച് വിതുമ്പി കരയുന്ന ഭർത്താവിനോട് സഹതാപവും ഉണ്ട്….
സിന്ധു പ്രീഡിഗ്രി
ജയിച്ചതാണ്. അപ്പോഴേക്കും എട്ടാം ക്ലാസിൽ തോറ്റ മരം വെട്ടു തൊഴിലാളിയുമായി പ്രണയിച്ച്
ഒളിച്ചോടി….
എന്തെങ്കിലും
അവസരം കിട്ടിയാൽ സിന്ധു ഓടി സ്ക്കൂളിലെത്തും…..എൻറെ കൂടെ ചുറ്റി പറ്റിനിൽക്കും സ്ക്കൂളിലെ
എന്തെങ്കിലും പണികളൊക്കെ ചെയ്യും
രണ്ടു ദിവസം
സിന്ധുവിനെ കണ്ടില്ലെങ്കിൽ എനിക്ക് വെപ്രാളമായി….
ആ പ്രശ്നം
അവൾക്കുമുണ്ടായിരുന്നു എന്നു തോന്നുന്നു, എന്തെങ്കിലും കാരണമുണ്ടാക്കി അവൾ സ്ക്കൂളിൽ
വരും….
ഞങ്ങൾ രണ്ടുപേരേക്കുറിച്ചും
സമൂഹത്തിന് നല്ല മതിപ്പുണ്ടായിരുന്നതുകൊണ്ടും, രക്ഷകർത്താക്കൾ സദാസമയം കയറിയിറങ്ങി
പോകുന്ന സ്ക്കൂളായതുകൊണ്ടുമായിരിക്കണം നാട്ടുകാർക്ക് ഇക്കാര്യം ഒരു സംഭാഷണവിഷയമായില്ല
പക്ഷേ സിന്ധുവിൻറെ ഭർത്താവിന് ഇത് പ്രശ്നമായി……പലപ്പോഴും അയാളുടെ വാക്കുകൾ ധിക്കരിച്ച്
അവൾ സ്ക്കൂളിൽ വരുന്നത് അയാളിൽ സംശയം ജനിപ്പിച്ചു…..സത്യത്തിൽ അയാളും വലിയ ധർമ്മ സങ്കടത്തിലായിരുന്നു
സിന്ധുവിൻറെ സ്നേഹത്തെ സംശയിക്കത്തക്ക ഒന്നും അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല….എന്നാൽ
എന്നോടുള്ള ബന്ധം ഒരു അധ്യാപകനോടുള്ള ബന്ധത്തിനപ്പുറത്തുള്ളതാണെന്ന് അയാൾക്ക് മനസിലായിരുന്നു….
നിങ്ങൾക്കറിയാമോ
എന്നറിയില്ല സുന്ദരിയായ ഒരു യുവതിക്ക് തന്നോടുള്ള വികാരം തിരിച്ചറിയാൻ കഴിയാത്ത ധർമ്മസങ്കടം
വളരെ വലുതാണ്….
അവളെ ഒരു
കാമുകിയായി കരുതാനാണ് എനിക്കിഷ്ടം എന്നത് സത്യമാണ്….അത്രയും നല്ല ഒരു പെണ്ണിനെ കാമുകിയാക്കാൻ
ആരാണ് ഇഷ്ടപ്പെടാത്തത്…
അവളുടെ മനോഭാവം
മനസിലാക്കാനായി ഞാൻ നേരത്തേ കരുതിവച്ച ചില വാചകങ്ങളൊക്കെ സാന്ദർഭികമായി അവളോട് പറഞ്ഞുനോക്കി…
അതൊക്കെ അവൾ
പോ സാറേ എന്നോ, സാറെന്നാ വർത്താനാ ഈ പറേണേ എന്നൊക്കെയോ പറഞ്ഞ് നിസാരമായി മറികടന്നു കളഞ്ഞു….
സൗന്ദര്യം,പ്രണയം,സെക്സ്,എൻറെ
ഔദ്യോഗിക പദവി ,അവളുടെ മനോഭാവത്തേക്കുറിച്ചുള്ള ഭയം……..എല്ലാം കൂടി ഞാൻ പ്രതിസന്ധിയിലായി……
ആയിടയ്ക്കാണ്
സ്ക്കൂളിനടുത്തുള്ള ഒരു ചെറുകനാലിൻറെ ഉത്ഭവംതേടി തിരഞ്ഞെടുത്ത കുട്ടികളുമായി ഞങ്ങൾ
അണക്കെട്ടിലേക്ക് ഒരു പഠനയാത്ര നടത്തിയത്
സിന്ധു ചാടിക്കേറി
യാത്രക്ക് വരാൻ തയ്യാറായി എന്ന് പറയേണ്ടതില്ലല്ലോ…
ഞാനും കുട്ടികളും
കയറിക്കഴിഞ്ഞപ്പോൾ കക്ഷിക്ക് കയറാൻ സ്ഥലമില്ല……
ജീപ്പിൻറെ
പിറകിലിരിക്കുന്ന എന്നെ ബലമായി പിടിച്ച് തള്ളിക്കൊണ്ട് അവൾ പറഞ്ഞു…
സാറൊന്ന്
നീങ്ങിയിരുന്നേ….ഞാൻ ഇവിടെ ഇരുന്നോളാം….
പകുതി എൻറെ
തുടയിലും പകുതി സീറ്റിലുമായി ഞെങ്ങി ഞെരുങ്ങിയിരുന്ന് അവൾ വിളിച്ചുപറഞ്ഞു…..
ങാ….വണ്ടിപോട്ടെ…..
എൻറെ മാറിൽ
പുറം ചാരിയാണ് അവളിരിക്കുന്നത്…കാച്ചെണ്ണയുടെ ഗന്ധം എൻറെ ഉള്ളിൽ നിറയുകയാണ്….
കുണ്ടും കുഴിയും
നിറഞ്ഞ കനാൽ റോഡിലൂടെയാണ് ജീപ്പിൻറെ യാത്ര…..എന്നോട് അവൾ കൂടുതൽ കൂടുതൽ ചേർന്നുകൊണ്ടിരുന്നു…..
അവളെക്കുറിച്ചുള്ള എൻറെ പ്രതിസന്ധി അവസാനിക്കുകയാണ്……..
ഇതിനപ്പുറം
ഒരു സ്ത്രീക്ക് പുരുഷനെ ക്ഷണിക്കാനാവുകയില്ല…..
എന്നിൽ വസന്തം
ആരംഭിക്കുകയാണ്…രോമകൂപങ്ങളിൽ പൂക്കൾ വിടരാൻ തുടങ്ങുന്നു…..
എൻറെ നിശ്വാസത്തിൽ
രതിഗന്ധം പടരുന്നു………
പെട്ടെന്നവൾ
എൻറെ നേരേ തിരിഞ്ഞ് ചെവിയിൽ ചോദിച്ചു
സാറിന് വല്ലോം
തോന്നുന്നുണ്ടോ……..
ഞാൻ മറുപടിയൊന്നും
പറഞ്ഞില്ല….പക്ഷേ രക്തം ഇരച്ചുകയറിയ മുഖവും വിറയാർന്ന ചുണ്ടുകളും അവളോട് മറുപടി പറഞ്ഞിരിക്കണം………
അവൾ ഉറച്ച
സ്വരത്തിൽ പറഞ്ഞു…..
ഒന്നും തോന്നാൻ
പാടില്ല……..തോന്നിയാൽ നമ്മൾ തമ്മിലുള്ള ബന്ധം അതോടെ തീരും………
ഒരുനിമിഷം
കൊണ്ട് എന്നിലെ വസന്തം കെട്ടുപോയി……..
മരത്തിൽ നിന്നുവേർപെട്ട
ഇലപോലെ ഞാൻ വാടിപ്പോയി……..
പൊതുസഭയിൽ
നാണം കെട്ടവനെപ്പോലെ എൻറെ തല കുനിഞ്ഞു…….
കനത്തമൗനത്തിൻറെ
ഒരു ഇടവേള…..
നിരാശയും
കുറ്റബോധവും എനിക്കുചുറ്റം തളം കെട്ടികിടന്നു…..
എന്നിലെ ഭാവമാറ്റം
അവളെ സങ്കടപ്പെടുത്തിയെന്ന് തോന്നുന്നു….
വേദനയുടെ
വിതുമ്പലോടെ അവൾ ചോദിച്ചു…..
സാറിനെന്നെ
ഒരാണായിട്ട് കണ്ടുകൂടെ…..
എനിക്കത്
മനസിലായില്ല……
.ങേ….എന്തോന്ന്….
അവൾ സാവധാനം
പറഞ്ഞു…..
സാറിന് എന്നെ
ഒരു ആണിനെപ്പോലെ കാണാൻ പാടില്ലേ…..ഞാൻ സാറിൻറെ അടുത്തുവരുമ്പോ സാറ് ഒരു പെണ്ണാണെന്നാണ്
ഞാൻ വിചാരിക്കാറ്…….
ആ നിമിഷം
എൻറെ തലച്ചോറിൽ വെളിച്ചം തെളിഞ്ഞു…….
എൻറെ എല്ലാ
സംശയങ്ങൾക്കും പരിഹാരവുമായി…..
അപ്പോൾ ഒരാലിംഗനം
പോലും എന്നിൽ ലൈംഗികത ഉണർത്തില്ല എന്ന് എനിക്കുറപ്പായിരുന്നു…..
പിന്നീടൊരിക്കലും
അവളോടുള്ള സംസാരത്തിലോ സ്പർശനത്തിലോ എനിക്ക് മാനസിക സമ്മർദവുമുണ്ടായിട്ടില്ല……
ഞാനവിടെനിന്ന്
പോരുന്നതുവരെ ഞങ്ങൾ ആത്മാർഥ സുഹൃത്തുക്കളായി കഴിഞ്ഞു…..
സെക്സിൻറെ
ചിന്തയില്ലാതെ എങ്ങനെ സ്ത്രീ സുഹൃത്തുക്കളോട് ഇടപെടാം എന്ന് വളരെ ലളിതമായി പ്രാഥമികവിദ്യാഭ്യാസം
മാത്രമുള്ള ആ സ്ത്രീയാണ് എന്നെ പഠിപ്പിച്ചത്……
ഞാനിതുവരെ
പഠിച്ച വലിയ പാഠങ്ങളിൽ ഒന്ന് അതായിരുന്നു…….