Saturday, December 28, 2013

         ഫാത്തിമ ഉണ്ടാക്കിയ പ്രശ്നം….
ഒന്നാം ക്ലാസിലെ കുട്ടി ഉടുപ്പിൽ മലവിസർജനം നടത്തിയാൽ എന്തുചെയ്യണമെന്ന് വിദ്യാഭ്യാസ നിയമത്തിൽ രേഖപ്പെടുത്താത്തത് വലിയ ദാർശനിക പ്രായോഗിക പ്രതിസന്ധികൾക്ക് കാരണമാകും, ചിലപ്പോ……
ജൂൺ മാസത്തിലെപ്പോഴോ ഫാത്തിമയാണ് പണിപറ്റിച്ചത്……
കുട്ടികൾ വഴി ഒന്നാം ക്ലാസ് അധ്യാപികയിലേക്കും അവിടെനിന്ന് മറ്റധ്യാപകരിലേക്കും സംഗതി പരന്നു…..
തോന്നുമ്പോ വരുകയും തോന്നുമ്പോ പോവുകയും ചെയ്യുന്ന പ്രധാനാധ്യാപകൻ കവലയിലെ പൊതുജന സമ്പർക്ക പരിപാടി കഴിഞ്ഞ് സ്ക്കൂളിലെത്തിയപ്പോ ഓഫീസിൻറെ മുന്നിൽ അധ്യാപകരും കുട്ടികളും കൂട്ടം കൂടി നിൽക്കുന്നു……
നടുക്ക് “മഴയേറ്റു ചാഞ്ഞ താമരപ്പൂപോലെ” ഫാത്തിമയും……
ഹെഡ്മാസ്റ്ററെ കണ്ടപാടെ അധ്യാപകർ കോറസ്സായി വിഷയം അവതരിപ്പിച്ചു….
അവൾ പലവട്ടം ക്ലാസിലിരുന്ന് മൂത്രമൊഴിച്ചിട്ടുണ്ട്. അന്നൊക്കെ വേണ്ടത്ര ഉപദേശങ്ങളും താക്കീതും കൊടുത്തതാണ്….ഇന്നിതാ പാവാടയിൽ അപ്പിയിട്ടു വച്ചിരിക്കുന്നു…..പിള്ളേരെ ബാലവാടീൽ ഇരുത്താതെ പള്ളിക്കൂടത്തിൽ വിടുന്നതിൻറെ കുഴപ്പമാണ്…..എന്തായാലും ഓട്ടോറിക്ഷ വരാൻ പറഞ്ഞിട്ടുണ്ട്….വീട്ടീകൊണ്ടാക്കാം……ഇനിയിപ്പോ ഈ നാറ്റോം വച്ചോണ്ട് വണ്ടീക്കേറ്റാൻ അയാള് സമ്മതിക്വോ ആവോ……
ഉദാത്തവും ഗംഭീരവുമായ മൗനം പുലർത്തിക്കൊണ്ട് ഹെഡ്മാസ്റ്റർ ബാഗും  .കണ്ണട പഴ്സ് തുടങ്ങിയ കിടുപിടികളും മേശപ്പുറത്ത് നിക്ഷേപിക്കുന്നു…..
ഘനഗംഭീരമായി പാത്തുമ്മയുടെ നേരേ നടക്കുന്നു……
തോളിൽ കയ്യിട്ട് അവളെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി….ഉടുപ്പ് ഓരോന്നായി അഴിച്ച് സോപ്പിട്ട് വൃത്തിയായി കഴുകി വീണ്ടും ഉടുപ്പിച്ചു…..
അപ്പോഴേക്കും ഓട്ടോ വന്നു…..
സ്ക്കൂളിലാകെ പരന്ന നിശ്ശബ്ദതയിൽ ഓളങ്ങളുണ്ടാക്കി ഹെഡ്മാസ്റ്ററേയും കുട്ടിയേയും കൊണ്ട് ഓട്ടോ നീങ്ങി……
അതേ വണ്ടിയിൽ ഹെഡ്മാസ്റ്റർ തിരിച്ചുവന്നു……
ഓഫീസിൽ എല്ലാവരും ഹാജരുണ്ടെങ്കിലും മശ്മാന മൂകത……
സഹികെട്ട് ഒടുവിൽ പാചകക്കാരി പെൺകുട്ടി വായ് തുറന്നു…..കുറച്ച് സങ്കടത്തോടെ തന്നെ……
എനിക്കത് കഴുകാൻ വിഷമമാണെന്നോർത്താണോ സാറ് തന്നെ അത് കഴുകിയത്…..എന്നോട് പറഞ്ഞാ പോരേ……
ഹെഡ്മാസ്റ്റർ പറഞ്ഞൂ…..
നീ കഴുകും എന്നെനിക്കറിയാം  പക്ഷേ ഇത് എനിക്കും കഴുകാവുന്നതേ ഉള്ളൂ……

              ഒരു വാധ്യാർ കഥ…

സജിത്ത് ഒന്നാംക്ലാസിൽ ചേരുമ്പോ ഒരു അടയ്ക്കയോളമേ ഉണ്ടായിരുന്നുള്ളൂ….പക്ഷേ ആള് മഹാ വികൃതിയാണ്….അധ്യാപകർ തുടർച്ചയായി പരാതി പറഞ്ഞപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്…
സംഗതി ലളിതമായിരുന്നു..പുള്ളിയേക്കാൾ വലുതാണ് ക്ലാസിലെ എല്ലാവരും തന്നെ … ചെറുതായതുകൊണ്ട് ഇദ്ദേഹത്തെ പലരും ഞോണ്ടാൻ ശ്രമിക്കും… പുള്ളി ആകാവുന്നതുപോലെ തിരികെ പെരുമാറും ..ഒന്നും പറ്റിയില്ലെങ്കിൽ കല്ലെടുത്തെറിയും…..
അവനെ വിളിച്ച് അടുത്തു നിറുത്തി വിശേഷങ്ങളൊക്കെ ചോദിച്ചു..രണ്ടുമൂന്ന് ദിവസം അടുപ്പിച്ച്….
അപ്പോഴേക്കും ആളങ്ങ് കേറി മിടുക്കനായി…എൻറെ മടിയിൽ കേറി ഇരിക്കാനും കസേരക്കൈയ്യിൽ പിടിച്ച് തൂങ്ങാനും മേശപ്പുറത്തെ സാധനങ്ങൾ തട്ടിമറിച്ചിടാനുമൊക്കെയുള്ള സ്വാതന്ത്ര്യമായി……

ഹെഡ്മാസ്റ്ററിൽ സജിത്തിനുള്ള സ്വാതന്ത്ര്യം സഹപാഠികളുടെ മുമ്പിൽ കക്ഷിയുടെ നിലവാരം ഉയർത്തിക്കാണണം….
എന്തായാലും കുറച്ച് നാളുകൊണ്ട് സജിത്ത് മിടുക്കനായി എല്ലാവരുടേയും ഓമനയായി…..
ജനുവരി ആയപ്പോഴേക്കും അവൻറെ വീട്ടുകാർക്ക് വീടുവിറ്റ് മറ്റൊരു സ്ക്കൂളിനടുത്തേക്ക് താമസം മാറേണ്ടിവന്നു….
ഒരു പൊതു വിദ്യാലയത്തിൻറെ പരിധിയിൽ നിന്ന് എൻറെ സ്ക്കൂളിലേക്ക് ഒരു കുട്ടിയേയും സ്വീകരിക്കില്ല എന്നൊരു നയം ഞാൻ പാലിച്ചിരുന്നു….
അടുത്തകൊല്ലം കുട്ടിയെ ആ സ്ക്കൂളിൽ ചേർക്കണമെന്നും അതുവരെ സ്ക്കൂൾ വണ്ടി അവനെ അവിടെ പോയി എടുക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചു…..
പക്ഷേ പിറ്റേ കൊല്ലം അവർ റ്റീ സി വാങ്ങാൻ തയ്യാറായില്ല….ഞാൻ സ്ക്കൂൾ വാഹനം അങ്ങോട്ട് വിടാനും തയ്യാറായില്ല…..
ഒരു പരാതിയും പറയാതെ അവൻറെ അമ്മ രാവിലെ ലൈൻ ബസിൽ അവനെ കൊണ്ടുവിട്ടു, വൈകിട്ട് തിരികെ കൊണ്ടുപോയി…..
ഇടയ്ക്കൊക്കെ അമ്മയ്ക്ക് അസൗകര്യമുള്ളപ്പോൾ ഞാനവനെ ബൈക്കിൻറെ പിറകിലിരുത്തി വീട്ടിൽ കൊണ്ടുചെന്ന് ആക്കാറുമുണ്ട്…..
മൂന്നാം ക്ലാസ് ആയപ്പോ സജിത്ത് തനിയെ ബസിൽ കയറി വരാൻ തുടങ്ങി…
ചിലപ്പോ (എന്നല്ല മിക്കപ്പോഴും) ബസ് കിട്ടിയില്ലെങ്കിൽ കക്ഷി മൂന്ന് കിലോമീറ്റർ നടന്നും ഓടിയും സ്ക്കൂളിലെത്തും…..
മൂന്നാം ക്ലാസുകാരനാണെങ്കിലും എപ്പോഴും നാലാം ക്ലാസുകാരോടാണ് കക്ഷിയുടെ കൂട്ട്…
സ്ക്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നത് നോമിനേഷനും പ്രസംഗവും നോട്ടീസും പോസ്റ്ററും ബാലറ്റും ഒക്കെയായി പൂർണ ജനാധിപത്യ രീതിയിലായിരുന്നു….
തിരഞ്ഞെടുപ്പുത്സവം എന്നായിരുന്നു പേര്തന്നെ…
സജിത്തും മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്നു……
വാർഷീക പരീക്ഷ കഴിഞ്ഞപ്പോൾ സജിത്തിൻറെ വീട്ടുകാർക്ക് ഹൈറേഞ്ചിലേക്ക് താമസം മാറ്റേണ്ടി വന്നു…..
റ്റി.സി വാങ്ങി ചേർത്തത് ഒരു ഹൈസ്ക്കൂളിലാണ്……
പക്ഷേ അവിടെ സജിത്ത് പ്രശ്നക്കാരനായി…..മിക്കപ്പോഴും മൗനിയായിരിക്കുക ചിലപ്പോൾ അക്രമാസക്തനാവുക……
പുസ്തകം കൈകൊണ്ട് തോടാതെയായി…. വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായില്ല….
സജിത്തിൻറെ അടുത്തവീട്ടിലെ ഡോക്റ്ററാണ് വീട്ടുകാരോട് പറഞ്ഞത്
അവന്  ആ സ്ക്കൂള് മാറിയത് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാവില്ല….
ആ ഡോക്റ്ററാണ് ആദ്യം എന്നെവിളിച്ചത്
സജിത്തിനെ കാര്യം പറഞ്ഞ് മനസിലാക്കാൻ പറഞ്ഞ്…..
പിന്നീട് ഒരു മാസത്തോളം ഞങ്ങൾ നിത്യേന സംസാരിക്കുമായിരുന്നു……
ഇപ്പോഴും വല്ലപ്പോഴും വിളിക്കും….
അവൻറെ അമ്മ പറഞ്ഞത് അവൻ ആ സ്ക്കൂളിലെ ഹീറോ ആണെന്നാണ്…..
ഇപ്പോ ഏത് ക്ലാസിലാണോ ആവോ…..

ആക്രമിക്കുന്നതുകൊണ്ടു മാത്രമല്ല ക്ഷമിക്കുന്നതുകൊണ്ടുകൂടിയാണ് സിംഹങ്ങൾ രാജാവിയിരിക്കുന്നത്….
യഥാസ്തിതിക അധ്യാപക സങ്കൽപ്പങ്ങളെ തരിമ്പും വകവയ്ക്കാത്ത ആളായിരുന്നു ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഗംഗാധരൻ സാർ…..
കുട്ടികൾ സമരം പ്രഖ്യാപിച്ചാൽ ബല്ലടിച്ച് ക്ലാസ് വിടുക എന്നതാണ് സാധാരണ നടപടിക്രമം…..
ഒരിക്കൽ രണ്ടുയൂണിയനുകളും മത്സരിച്ച് സമരം ചെയ്തു…..കുറച്ചു ദിവസമായി ക്ലാസ് നടന്നിട്ട്…..
ഗംഗാധരൻ സാർ  നേതാക്കളെ ഓഫീസിലേക്ക് വിളിപ്പിച്ചു….. കാര്യം പറഞ്ഞു മനസിലാക്കി…നാളെമുതൽ ക്ലാസുകൾ നടത്താം എന്ന് നേതാക്കൾ സമ്മതിച്ചു….
നേതാക്കളുടെ നിർദ്ദേശം അണികൾ അംഗീകരിക്കാഞ്ഞോ,…സ്ക്കൂളിന് പുറത്തുള്ള നേതാക്കൾ അംഗീകരിക്കാഞ്ഞോ എന്തോ….പിറ്റേന്നും സമരമുണ്ടായി… ഹെഡ്മാസ്റ്റർ മുറ്റത്തേക്കിറങ്ങിയാൽ സമരക്കാർ ഓടി ക്ലാസിൽ കയറും,സമരം പൊളിയും എന്നറിയാവുന്ന സമരക്കാർ ഗെയ്റ്റ് പൂട്ടിയുള്ള സമരമാണ് തീരുമാനിച്ചത്……
എവിടെയൊക്കെയോ കറങ്ങിതിരിഞ്ഞ് (മിക്കവാറും ബാറിലായിരിക്കും.. അരനൂറ്റാണ്ട് മുമ്പ് ബാറിൽ അക്കൗണ്ട് ഉണ്ടായിരുന്ന ആളാണ്) ഗംഗാധരൻ സാർ സ്ക്കൂളിലെത്തുമ്പോ പത്തരമണി…….
ഒറ്റവിദ്യാർഥിക്കോ അധ്യാപകർക്കോ സ്ക്കൂളിൽ കയറാൻ കഴിഞ്ഞിട്ടില്ല…എല്ലാവരും റേഡരുകിൽ ചുറ്റിപ്പറ്റി നിൽക്കുന്നു…..
ഹെഡ്മാസ്റ്ററെ കണ്ടിട്ടോ, ഗെയ്റ്റിൽ അസഹ്യമായ വെയിലായിട്ടോ ഗെയ്റ്റിന്  കാവലിരുന്ന സമരക്കാർ മുങ്ങി……
സാറ് നേരേ ഗെയ്റ്റിനടുത്തേക്കു വന്നു….ചങ്ങലയിട്ട് പൂട്ടിയത് കണ്ടു…..
ആരടാ ഇത് പൂട്ടിയത് എന്നരെരലർച്ചയാണ്…..
ഒരുത്തനും മുന്നോട്ട് വന്നില്ല…..
ചങ്ങല തല്ലിക്കളയാൻ പ്യൂൺ അപ്പോഴേക്കും ചുറ്റികയുമായി വന്നു….. സാറ് അയാളെ വിരട്ടി……
ഇത് പൂട്ടിയവർ എൻറെ മുമ്പിൽ വരാതെ തുറക്കാൻ പാടില്ലെന്നായി സാറ്….
സാറ് നിശ്ശബ്ദമായി ഗെയ്റ്റിൻറെ മുമ്പിൽ വെറും നിലത്ത് ചമ്രം പടിഞ്ഞ് ഇരുന്നു…..ബാഗിൽ നിന്ന് കനത്ത ഒരു പുസ്തകമെടുത്ത് ശാന്തനായി വായന തുടങ്ങി……
കൊടും വെയിലാണ്…സാറാണെങ്കിൽ രോഗിയും…..
സമയം കഴിയുന്തോറും വാർത്ത പരന്നു…..നാട്ടുകാർ കൂടി….
എല്ലാവർക്കും ടെൻഷൻ….
സമാധാനിപ്പിക്കായി സാറിൻറെ അടുത്തുപോകാൻ ആർക്കും ധൈര്യമില്ല….ചെവിക്കുറ്റിക്ക് അടി ഉറപ്പാണ്…..
ഇടയ്ക്ക് വെള്ളം കെടുക്കാൻ ചെന്നവനെ സാറ് പായിച്ചു….
സാറെങ്ങാൻ മയങ്ങി വീഴുമോ എന്ന് സകലർക്കും ഭയം….
കുട്ടികളും അധ്യാപകരും നാട്ടുകാരും ആകെ പ്രതിസന്ധിയിലായി….
പൂട്ടിയ മിടുക്കന്മാർ കരയാൻ തുടങ്ങി…
പൂട്ടിയ താക്കോൽ കുട്ടികൾ എറിഞ്ഞു കളയുകയും ചെയ്തു…..
ഒടുവിൽ കരിയിലകൾക്കിടയിൽ നിന്ന് താക്കോൽ തപ്പിയെടുത്തു…. 
എറ്റവും ആത്മബന്ധമുള്ള ഒരധ്യാപകൻ ധൈര്യപൂർവം സാറിനോട് പറഞ്ഞു…
നമ്മടെ പിള്ളേരല്ലേ സാറേ അബദ്ധം പറ്റിപ്പോയി …എല്ലാവരും കരയുകയാണ്….അവർക്ക് മുമ്പിൽ വരാൻ പേടിയാണ്…സാറ് സമരം നിറുത്തണം….
സമരക്കാർ എല്ലവരും സാറിൻറെ മുമ്പിൽ നിരന്നു…..
എല്ലവരുടേയും ചെവിക്ക് പിടിച്ച് കറക്കി സാറ് പറഞ്ഞു
ക്ലാസീ ക്കേറി ഇരിക്കടാ…… വൈകിട്ട് ഫുട്ബോൾ കളിക്കാൻ എല്ലാവരും വരണം ഞാനുമുണ്ടാകും…….

Wednesday, May 15, 2013

          


          പാഠം ഒന്ന് സ്ത്രീസൗഹൃദം

ഞാനവളെ സിന്ധു എന്ന് നിങ്ങൾക്ക് പരിചയപ്പടുത്താം….
ഇതൊരു സംഭവ കഥയാണെന്നും ഇത് യഥാർഥ പേരല്ലെന്നും നിങ്ങൾ ഇതിനകം ഊഹിച്ചുകാണുമല്ലോ…….
പതിഞ്ചുകൊല്ലം മുമ്പാണ് സംഭവം….
അടച്ചുപൂട്ടാൻ തയ്യാറായിരിക്കുന്ന ഒരു സ്ക്കൂളിൽ പ്രധാന അധ്യാപകനായി ചുമതല ഏൽക്കേണ്ടിവരുന്നു…..
സംഗതി ശ്ലോകത്തിൽ പറയാം…..എൻറെ സംഘാടനാമികവും നാട്ടുകാരുടെ സഹകരണവുംമൂലം സ്ക്കൂളിൽ കുട്ടികളുടെ എണ്ണം വളരെ വർധിച്ചു…..
പലരും ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പതിഞ്ച് കൊല്ലം മുമ്പ് ഞങ്ങൾ അവിടെ നടപ്പാക്കിയിരുന്നു…….
അക്കാലത്താണ് സിന്ധു അവളുടെ കുട്ടിയെ അവിടെ ചേർക്കുന്നത്….
സ്ന്ധു, സുന്ദരിയായ യുവതി…. അവളുടെ മോള് ഒരു സുന്ദരിക്കുട്ട‌ി.…
അമ്മയേയും മകളേയും കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു…..
കുട്ടിത്തം മാറാത്ത അമ്മയും കുസൃതിയുടെ പര്യായമായ മകളും എനിക്കങ്ങിനെയാണ് തോന്നിയത്……
പുരുഷന്മാർ ജോലിക്കുപോകുകയും മക്കളുടെ വിദ്യാഭ്യാസം പോലുള്ള “ചെറിയ” കാര്യങ്ങൾ അമ്മമാരുടെ ഉത്തരവാദിത്വ മാകുകയും ചെയ്യുന്ന സാഹചര്യമാണ് അന്നാട്ടിൽ നിലവിലുള്ളത്….
മിക്കവാറും അമ്മമാരുമായി (തീർച്ചയായും അച്ഛൻമാരുമായും) എനിക്ക് വ്യക്തി ബന്ധം ഉണ്ടായിരുന്നു….പല അവസരത്തിലും അവരുടെ കുടുംബപ്രശ്നങ്ങളിൽ ഒരു കൗൺസിലറുടെ റോളും ഞാൻ നിർവഹിച്ചിട്ടുണ്ട്…
ഇനി ഞാനൊരു രഹസ്യം പറയാം…. കുട്ടികളോട് നന്നായി ഇടപെടുന്ന ജനാധിപത്യബോധമുള്ള ഓരധ്യാപകനോട് കുട്ടികൾ വീട്ടിലെ സകല രഹസ്യങ്ങളും പങ്കുവയ്ക്കും….ഈ പങ്കു വയ്ക്കൽ കൗൺസിലിംഗിന് എന്നെ സഹായിച്ചിട്ടുമുണ്ട്…
സ്വാഭാവികമായും എല്ലാ അമ്മമാരും തന്നെ എന്നെ അവരുടെ മുതിർന്നസഹോദരനോ വിശ്വസിക്കാവുന്ന സുഹൃത്തോ ഒക്കെയായി കണ്ടിരുന്നു….
സിന്ധുവും അങ്ങനെ തന്നെയായിരുന്നു..പക്ഷേ ഇടയ്ക്കെപ്പോഴേ സിന്ധുവിൻറെ പെരുമാറ്റത്തിൽ എനിക്ക് എന്തോ വ്യത്യാസം തോന്നിത്തുടങ്ങി….
 
ഒരു ഒളിവും മറയുമില്ലാതെ സംസാരിക്കുക…വീട്ടിലെ കിടപ്പറ രഹസ്യങ്ങൾ പങ്കുവയ്ക്കുക.എൻറെ ശരീരത്തിൽ മുട്ടിയും പിടിച്ചും സംസാരിക്കുക..സംസാരിക്കുന്നതിനിടയിൽ മാറിൽ നിന്ന് സാരിത്തലപ്പ് ഊർന്നുവീഴുന്നത് ശ്രദ്ധിക്കാതിരിക്കുക……അങ്ങനെ പലതും….
യൗവനത്തിൻറെ മദ്ധ്യം പിന്നിട്ടിട്ടില്ലാത്ത സാധുവായ ഞാൻ കൺഫ്യൂഷനിലാവാൻ ഇനിയെന്തുവേണം…..
എന്താണ് സിന്ധു ഉദ്ദേശിക്കുന്നതെന്ന എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല…..തീർച്ചയായും അവളുടെ ചെയ്തികളിൽ ഒരു പ്രണയത്തിനുള്ള ക്ഷണമുണ്ട്…….ഒരു പക്ഷേ സെക്സിനു തന്നെയും
അമ്മായി അമ്മ പോരിൻറെ കാര്യം പറഞ്ഞ് പറഞ്ഞ് എൻറ മുമ്പിലിരുന്ന് പൊട്ടിക്കരയുന്ന അവളെ കാണുമ്പോൾ എനിക്കുതോന്നും ഒരു ജ്യേഷ്ടനെയാണ് അവൾ എന്നിൽ കാണുന്നതെന്ന്….എന്നാൽ സഹോദരനോട് പറയാൻ പറ്റുന്ന കാര്യങ്ങളല്ല എന്നോട് പലപ്പോഴും അവൾ പറയാറുള്ളത്….
അമ്മയോട് എതിർത്ത് പറയാൻ കഴിയാത്ത ഭർത്താവിനോടവൾക്ക് ദേഷ്യമുണ്ട്…..രാത്രി അക്കാര്യം പറഞ്ഞ് അവളെ ചേർത്തുപിടിച്ച് വിതുമ്പി കരയുന്ന ഭർത്താവിനോട് സഹതാപവും ഉണ്ട്….
സിന്ധു പ്രീഡിഗ്രി ജയിച്ചതാണ്. അപ്പോഴേക്കും എട്ടാം ക്ലാസിൽ തോറ്റ മരം വെട്ടു തൊഴിലാളിയുമായി പ്രണയിച്ച് ഒളിച്ചോടി….
എന്തെങ്കിലും അവസരം കിട്ടിയാൽ സിന്ധു ഓടി സ്ക്കൂളിലെത്തും…..എൻറെ കൂടെ ചുറ്റി പറ്റിനിൽക്കും സ്ക്കൂളിലെ എന്തെങ്കിലും പണികളൊക്കെ ചെയ്യും
രണ്ടു ദിവസം സിന്ധുവിനെ കണ്ടില്ലെങ്കിൽ എനിക്ക് വെപ്രാളമായി….
ആ പ്രശ്നം അവൾക്കുമുണ്ടായിരുന്നു എന്നു തോന്നുന്നു, എന്തെങ്കിലും കാരണമുണ്ടാക്കി അവൾ സ്ക്കൂളിൽ വരും….
ഞങ്ങൾ രണ്ടുപേരേക്കുറിച്ചും സമൂഹത്തിന് നല്ല മതിപ്പുണ്ടായിരുന്നതുകൊണ്ടും, രക്ഷകർത്താക്കൾ സദാസമയം കയറിയിറങ്ങി പോകുന്ന സ്ക്കൂളായതുകൊണ്ടുമായിരിക്കണം നാട്ടുകാർക്ക് ഇക്കാര്യം ഒരു സംഭാഷണവിഷയമായില്ല പക്ഷേ സിന്ധുവിൻറെ ഭർത്താവിന് ഇത് പ്രശ്നമായി……പലപ്പോഴും അയാളുടെ വാക്കുകൾ ധിക്കരിച്ച് അവൾ സ്ക്കൂളിൽ വരുന്നത് അയാളിൽ സംശയം ജനിപ്പിച്ചു‌…..സത്യത്തിൽ അയാളും വലിയ ധർമ്മ സങ്കടത്തിലായിരുന്നു സിന്ധുവിൻറെ സ്നേഹത്തെ സംശയിക്കത്തക്ക ഒന്നും അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല….എന്നാൽ എന്നോടുള്ള ബന്ധം ഒരു അധ്യാപകനോടുള്ള ബന്ധത്തിനപ്പുറത്തുള്ളതാണെന്ന് അയാൾക്ക് മനസിലായിരുന്നു….
നിങ്ങൾക്കറിയാമോ എന്നറിയില്ല സുന്ദരിയായ ഒരു യുവതിക്ക് തന്നോടുള്ള വികാരം തിരിച്ചറിയാൻ കഴിയാത്ത ധർമ്മസങ്കടം വളരെ വലുതാണ്….
അവളെ ഒരു കാമുകിയായി കരുതാനാണ് എനിക്കിഷ്ടം എന്നത് സത്യമാണ്….അത്രയും നല്ല ഒരു പെണ്ണിനെ കാമുകിയാക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്…
അവളുടെ മനോഭാവം മനസിലാക്കാനായി ഞാൻ നേരത്തേ കരുതിവച്ച ചില വാചകങ്ങളൊക്കെ സാന്ദർഭികമായി അവളോട് പറഞ്ഞുനോക്കി…
അതൊക്കെ അവൾ പോ സാറേ എന്നോ, സാറെന്നാ വർത്താനാ ഈ പറേണേ എന്നൊക്കെയോ  പറഞ്ഞ് നിസാരമായി മറികടന്നു കളഞ്ഞു….
സൗന്ദര്യം,പ്രണയം,സെക്സ്,എൻറെ ഔദ്യോഗിക പദവി ,അവളുടെ മനോഭാവത്തേക്കുറിച്ചുള്ള ഭയം……..എല്ലാം കൂടി ഞാൻ പ്രതിസന്ധിയിലായി……
ആയിടയ്ക്കാണ് സ്ക്കൂളിനടുത്തുള്ള ഒരു ചെറുകനാലിൻറെ ഉത്ഭവംതേടി തിരഞ്ഞെടുത്ത കുട്ടികളുമായി ഞങ്ങൾ അണക്കെട്ടിലേക്ക് ഒരു പഠനയാത്ര നടത്തിയത്
സിന്ധു ചാടിക്കേറി യാത്രക്ക് വരാൻ തയ്യാറായി എന്ന് പറയേണ്ടതില്ലല്ലോ…
ഞാനും കുട്ടികളും കയറിക്കഴിഞ്ഞപ്പോൾ കക്ഷിക്ക് കയറാൻ സ്ഥലമില്ല……
ജീപ്പിൻറെ പിറകിലിരിക്കുന്ന എന്നെ ബലമായി പിടിച്ച് തള്ളിക്കൊണ്ട് അവൾ പറഞ്ഞു…
സാറൊന്ന് നീങ്ങിയിരുന്നേ….ഞാൻ ഇവിടെ ഇരുന്നോളാം….
പകുതി എൻറെ തുടയിലും പകുതി സീറ്റിലുമായി ഞെങ്ങി ഞെരുങ്ങിയിരുന്ന് അവൾ വിളിച്ചുപറഞ്ഞു…..
ങാ….വണ്ടിപോട്ടെ…..
എൻറെ മാറിൽ പുറം ചാരിയാണ് അവളിരിക്കുന്നത്…കാച്ചെണ്ണയുടെ ഗന്ധം എൻറെ ഉള്ളിൽ നിറയുകയാണ്….
കുണ്ടും കുഴിയും നിറഞ്ഞ കനാൽ റോഡിലൂടെയാണ് ജീപ്പിൻറെ യാത്ര…..എന്നോട് അവൾ കൂടുതൽ കൂടുതൽ ചേർന്നുകൊണ്ടിരുന്നു….. അവളെക്കുറിച്ചുള്ള എൻറെ പ്രതിസന്ധി അവസാനിക്കുകയാണ്……..
ഇതിനപ്പുറം ഒരു സ്ത്രീക്ക് പുരുഷനെ ക്ഷണിക്കാനാവുകയില്ല…..
എന്നിൽ വസന്തം ആരംഭിക്കുകയാണ്…രോമകൂപങ്ങളിൽ പൂക്കൾ വിടരാൻ തുടങ്ങുന്നു…..
എൻറെ നിശ്വാസത്തിൽ രതിഗന്ധം പടരുന്നു………
പെട്ടെന്നവൾ എൻറെ നേരേ തിരിഞ്ഞ് ചെവിയിൽ ചോദിച്ചു
സാറിന് വല്ലോം തോന്നുന്നുണ്ടോ……..
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല….പക്ഷേ രക്തം ഇരച്ചുകയറിയ മുഖവും വിറയാർന്ന ചുണ്ടുകളും അവളോട് മറുപടി പറഞ്ഞിരിക്കണം………
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു…..
ഒന്നും തോന്നാൻ പാടില്ല……..തോന്നിയാൽ നമ്മൾ തമ്മിലുള്ള ബന്ധം അതോടെ തീരും………
ഒരുനിമിഷം കൊണ്ട് എന്നിലെ വസന്തം കെട്ടുപോയി……..
മരത്തിൽ നിന്നുവേർപെട്ട ഇലപോലെ ഞാൻ വാടിപ്പോയി……..
പൊതുസഭയിൽ നാണം കെട്ടവനെപ്പോലെ എൻറെ തല കുനിഞ്ഞു…….
കനത്തമൗനത്തിൻറെ ഒരു ഇടവേള…..
നിരാശയും കുറ്റബോധവും എനിക്കുചുറ്റം തളം കെട്ടികിടന്നു…..
എന്നിലെ ഭാവമാറ്റം അവളെ സങ്കടപ്പെടുത്തിയെന്ന് തോന്നുന്നു….
വേദനയുടെ വിതുമ്പലോടെ അവൾ ചോദിച്ചു…..
സാറിനെന്നെ ഒരാണായിട്ട് കണ്ടുകൂടെ…..
എനിക്കത് മനസിലായില്ല……
.ങേ….എന്തോന്ന്….
അവൾ സാവധാനം പറഞ്ഞു…..
സാറിന് എന്നെ ഒരു ആണിനെപ്പോലെ കാണാൻ പാടില്ലേ…..ഞാൻ സാറിൻറെ അടുത്തുവരുമ്പോ സാറ് ഒരു പെണ്ണാണെന്നാണ് ഞാൻ വിചാരിക്കാറ്…….
ആ നിമിഷം എൻറെ തലച്ചോറിൽ വെളിച്ചം തെളിഞ്ഞു…….
എൻറെ എല്ലാ സംശയങ്ങൾക്കും പരിഹാരവുമായി…..
അപ്പോൾ ഒരാലിംഗനം പോലും എന്നിൽ ലൈംഗികത ഉണർത്തില്ല എന്ന് എനിക്കുറപ്പായിരുന്നു…..
പിന്നീടൊരിക്കലും അവളോടുള്ള സംസാരത്തിലോ സ്പർശനത്തിലോ എനിക്ക് മാനസിക സമ്മർദവുമുണ്ടായിട്ടില്ല……
ഞാനവിടെനിന്ന് പോരുന്നതുവരെ ഞങ്ങൾ ആത്മാർഥ സുഹൃത്തുക്കളായി കഴിഞ്ഞു…..
സെക്സിൻറെ ചിന്തയില്ലാതെ എങ്ങനെ സ്ത്രീ സുഹൃത്തുക്കളോട് ഇടപെടാം എന്ന് വളരെ ലളിതമായി പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള ആ സ്ത്രീയാണ് എന്നെ പഠിപ്പിച്ചത്……
ഞാനിതുവരെ പഠിച്ച വലിയ പാഠങ്ങളിൽ ഒന്ന് അതായിരുന്നു…….