Saturday, December 28, 2013

         ഫാത്തിമ ഉണ്ടാക്കിയ പ്രശ്നം….
ഒന്നാം ക്ലാസിലെ കുട്ടി ഉടുപ്പിൽ മലവിസർജനം നടത്തിയാൽ എന്തുചെയ്യണമെന്ന് വിദ്യാഭ്യാസ നിയമത്തിൽ രേഖപ്പെടുത്താത്തത് വലിയ ദാർശനിക പ്രായോഗിക പ്രതിസന്ധികൾക്ക് കാരണമാകും, ചിലപ്പോ……
ജൂൺ മാസത്തിലെപ്പോഴോ ഫാത്തിമയാണ് പണിപറ്റിച്ചത്……
കുട്ടികൾ വഴി ഒന്നാം ക്ലാസ് അധ്യാപികയിലേക്കും അവിടെനിന്ന് മറ്റധ്യാപകരിലേക്കും സംഗതി പരന്നു…..
തോന്നുമ്പോ വരുകയും തോന്നുമ്പോ പോവുകയും ചെയ്യുന്ന പ്രധാനാധ്യാപകൻ കവലയിലെ പൊതുജന സമ്പർക്ക പരിപാടി കഴിഞ്ഞ് സ്ക്കൂളിലെത്തിയപ്പോ ഓഫീസിൻറെ മുന്നിൽ അധ്യാപകരും കുട്ടികളും കൂട്ടം കൂടി നിൽക്കുന്നു……
നടുക്ക് “മഴയേറ്റു ചാഞ്ഞ താമരപ്പൂപോലെ” ഫാത്തിമയും……
ഹെഡ്മാസ്റ്ററെ കണ്ടപാടെ അധ്യാപകർ കോറസ്സായി വിഷയം അവതരിപ്പിച്ചു….
അവൾ പലവട്ടം ക്ലാസിലിരുന്ന് മൂത്രമൊഴിച്ചിട്ടുണ്ട്. അന്നൊക്കെ വേണ്ടത്ര ഉപദേശങ്ങളും താക്കീതും കൊടുത്തതാണ്….ഇന്നിതാ പാവാടയിൽ അപ്പിയിട്ടു വച്ചിരിക്കുന്നു…..പിള്ളേരെ ബാലവാടീൽ ഇരുത്താതെ പള്ളിക്കൂടത്തിൽ വിടുന്നതിൻറെ കുഴപ്പമാണ്…..എന്തായാലും ഓട്ടോറിക്ഷ വരാൻ പറഞ്ഞിട്ടുണ്ട്….വീട്ടീകൊണ്ടാക്കാം……ഇനിയിപ്പോ ഈ നാറ്റോം വച്ചോണ്ട് വണ്ടീക്കേറ്റാൻ അയാള് സമ്മതിക്വോ ആവോ……
ഉദാത്തവും ഗംഭീരവുമായ മൗനം പുലർത്തിക്കൊണ്ട് ഹെഡ്മാസ്റ്റർ ബാഗും  .കണ്ണട പഴ്സ് തുടങ്ങിയ കിടുപിടികളും മേശപ്പുറത്ത് നിക്ഷേപിക്കുന്നു…..
ഘനഗംഭീരമായി പാത്തുമ്മയുടെ നേരേ നടക്കുന്നു……
തോളിൽ കയ്യിട്ട് അവളെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി….ഉടുപ്പ് ഓരോന്നായി അഴിച്ച് സോപ്പിട്ട് വൃത്തിയായി കഴുകി വീണ്ടും ഉടുപ്പിച്ചു…..
അപ്പോഴേക്കും ഓട്ടോ വന്നു…..
സ്ക്കൂളിലാകെ പരന്ന നിശ്ശബ്ദതയിൽ ഓളങ്ങളുണ്ടാക്കി ഹെഡ്മാസ്റ്ററേയും കുട്ടിയേയും കൊണ്ട് ഓട്ടോ നീങ്ങി……
അതേ വണ്ടിയിൽ ഹെഡ്മാസ്റ്റർ തിരിച്ചുവന്നു……
ഓഫീസിൽ എല്ലാവരും ഹാജരുണ്ടെങ്കിലും മശ്മാന മൂകത……
സഹികെട്ട് ഒടുവിൽ പാചകക്കാരി പെൺകുട്ടി വായ് തുറന്നു…..കുറച്ച് സങ്കടത്തോടെ തന്നെ……
എനിക്കത് കഴുകാൻ വിഷമമാണെന്നോർത്താണോ സാറ് തന്നെ അത് കഴുകിയത്…..എന്നോട് പറഞ്ഞാ പോരേ……
ഹെഡ്മാസ്റ്റർ പറഞ്ഞൂ…..
നീ കഴുകും എന്നെനിക്കറിയാം  പക്ഷേ ഇത് എനിക്കും കഴുകാവുന്നതേ ഉള്ളൂ……

2 comments:

  1. ഹെഡ് മാസ്റ്റര്‍ പാഠം പഠിപ്പിക്കുന്നു
    നന്മയുടെ പാഠം

    ReplyDelete
  2. ഇത് പഴയ കഥയാവാനേ വഴിയുള്ളൂ...
    കാലം മാറി, ഇന്ന് പ്രധാനാധ്യാപകന്‍ കഴുകാന്‍ കൊണ്ടുപോകുന്നതിനു മുന്‍പ് രണ്ടുവട്ടം ആലോചിക്കും.. !!..

    ReplyDelete