Saturday, December 28, 2013

              ഒരു വാധ്യാർ കഥ…

സജിത്ത് ഒന്നാംക്ലാസിൽ ചേരുമ്പോ ഒരു അടയ്ക്കയോളമേ ഉണ്ടായിരുന്നുള്ളൂ….പക്ഷേ ആള് മഹാ വികൃതിയാണ്….അധ്യാപകർ തുടർച്ചയായി പരാതി പറഞ്ഞപ്പോഴാണ് ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്…
സംഗതി ലളിതമായിരുന്നു..പുള്ളിയേക്കാൾ വലുതാണ് ക്ലാസിലെ എല്ലാവരും തന്നെ … ചെറുതായതുകൊണ്ട് ഇദ്ദേഹത്തെ പലരും ഞോണ്ടാൻ ശ്രമിക്കും… പുള്ളി ആകാവുന്നതുപോലെ തിരികെ പെരുമാറും ..ഒന്നും പറ്റിയില്ലെങ്കിൽ കല്ലെടുത്തെറിയും…..
അവനെ വിളിച്ച് അടുത്തു നിറുത്തി വിശേഷങ്ങളൊക്കെ ചോദിച്ചു..രണ്ടുമൂന്ന് ദിവസം അടുപ്പിച്ച്….
അപ്പോഴേക്കും ആളങ്ങ് കേറി മിടുക്കനായി…എൻറെ മടിയിൽ കേറി ഇരിക്കാനും കസേരക്കൈയ്യിൽ പിടിച്ച് തൂങ്ങാനും മേശപ്പുറത്തെ സാധനങ്ങൾ തട്ടിമറിച്ചിടാനുമൊക്കെയുള്ള സ്വാതന്ത്ര്യമായി……

ഹെഡ്മാസ്റ്ററിൽ സജിത്തിനുള്ള സ്വാതന്ത്ര്യം സഹപാഠികളുടെ മുമ്പിൽ കക്ഷിയുടെ നിലവാരം ഉയർത്തിക്കാണണം….
എന്തായാലും കുറച്ച് നാളുകൊണ്ട് സജിത്ത് മിടുക്കനായി എല്ലാവരുടേയും ഓമനയായി…..
ജനുവരി ആയപ്പോഴേക്കും അവൻറെ വീട്ടുകാർക്ക് വീടുവിറ്റ് മറ്റൊരു സ്ക്കൂളിനടുത്തേക്ക് താമസം മാറേണ്ടിവന്നു….
ഒരു പൊതു വിദ്യാലയത്തിൻറെ പരിധിയിൽ നിന്ന് എൻറെ സ്ക്കൂളിലേക്ക് ഒരു കുട്ടിയേയും സ്വീകരിക്കില്ല എന്നൊരു നയം ഞാൻ പാലിച്ചിരുന്നു….
അടുത്തകൊല്ലം കുട്ടിയെ ആ സ്ക്കൂളിൽ ചേർക്കണമെന്നും അതുവരെ സ്ക്കൂൾ വണ്ടി അവനെ അവിടെ പോയി എടുക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചു…..
പക്ഷേ പിറ്റേ കൊല്ലം അവർ റ്റീ സി വാങ്ങാൻ തയ്യാറായില്ല….ഞാൻ സ്ക്കൂൾ വാഹനം അങ്ങോട്ട് വിടാനും തയ്യാറായില്ല…..
ഒരു പരാതിയും പറയാതെ അവൻറെ അമ്മ രാവിലെ ലൈൻ ബസിൽ അവനെ കൊണ്ടുവിട്ടു, വൈകിട്ട് തിരികെ കൊണ്ടുപോയി…..
ഇടയ്ക്കൊക്കെ അമ്മയ്ക്ക് അസൗകര്യമുള്ളപ്പോൾ ഞാനവനെ ബൈക്കിൻറെ പിറകിലിരുത്തി വീട്ടിൽ കൊണ്ടുചെന്ന് ആക്കാറുമുണ്ട്…..
മൂന്നാം ക്ലാസ് ആയപ്പോ സജിത്ത് തനിയെ ബസിൽ കയറി വരാൻ തുടങ്ങി…
ചിലപ്പോ (എന്നല്ല മിക്കപ്പോഴും) ബസ് കിട്ടിയില്ലെങ്കിൽ കക്ഷി മൂന്ന് കിലോമീറ്റർ നടന്നും ഓടിയും സ്ക്കൂളിലെത്തും…..
മൂന്നാം ക്ലാസുകാരനാണെങ്കിലും എപ്പോഴും നാലാം ക്ലാസുകാരോടാണ് കക്ഷിയുടെ കൂട്ട്…
സ്ക്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നത് നോമിനേഷനും പ്രസംഗവും നോട്ടീസും പോസ്റ്ററും ബാലറ്റും ഒക്കെയായി പൂർണ ജനാധിപത്യ രീതിയിലായിരുന്നു….
തിരഞ്ഞെടുപ്പുത്സവം എന്നായിരുന്നു പേര്തന്നെ…
സജിത്തും മത്സരിച്ച് രണ്ടാം സ്ഥാനത്ത് വന്നു……
വാർഷീക പരീക്ഷ കഴിഞ്ഞപ്പോൾ സജിത്തിൻറെ വീട്ടുകാർക്ക് ഹൈറേഞ്ചിലേക്ക് താമസം മാറ്റേണ്ടി വന്നു…..
റ്റി.സി വാങ്ങി ചേർത്തത് ഒരു ഹൈസ്ക്കൂളിലാണ്……
പക്ഷേ അവിടെ സജിത്ത് പ്രശ്നക്കാരനായി…..മിക്കപ്പോഴും മൗനിയായിരിക്കുക ചിലപ്പോൾ അക്രമാസക്തനാവുക……
പുസ്തകം കൈകൊണ്ട് തോടാതെയായി…. വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായില്ല….
സജിത്തിൻറെ അടുത്തവീട്ടിലെ ഡോക്റ്ററാണ് വീട്ടുകാരോട് പറഞ്ഞത്
അവന്  ആ സ്ക്കൂള് മാറിയത് ഉൾക്കൊള്ളാൻ പറ്റിയിട്ടുണ്ടാവില്ല….
ആ ഡോക്റ്ററാണ് ആദ്യം എന്നെവിളിച്ചത്
സജിത്തിനെ കാര്യം പറഞ്ഞ് മനസിലാക്കാൻ പറഞ്ഞ്…..
പിന്നീട് ഒരു മാസത്തോളം ഞങ്ങൾ നിത്യേന സംസാരിക്കുമായിരുന്നു……
ഇപ്പോഴും വല്ലപ്പോഴും വിളിക്കും….
അവൻറെ അമ്മ പറഞ്ഞത് അവൻ ആ സ്ക്കൂളിലെ ഹീറോ ആണെന്നാണ്…..
ഇപ്പോ ഏത് ക്ലാസിലാണോ ആവോ…..

2 comments:

  1. ഗുരുര്‍ ദേവോ.!!

    ReplyDelete
  2. സജിത്ത് മിടുക്കനായിരിക്കട്ടെ..!!

    ReplyDelete